ന്യൂഡൽഹി: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽനിന്നു രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി ഇന്ത്യൻ ആർമി സൈനികൻ അനിൽകുമാർ രവീന്ദ്രന് മോചനമായി. യെമൻ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട് അനിൽകുമാർ ബുധനാഴ്ച ഒമാനിലെ മസ്‌കറ്റിലെത്തി, ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മുങ്ങിപ്പോയ ചരക്കു കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ. കപ്പലിലെ മറ്റ് 10 പേരെയും മോചിപ്പിച്ചിരുന്നു. മോചനത്തിനു വേണ്ടി ഇടപട്ടതിന് ഇന്ത്യ ഒമാന് നന്ദി അറിയിച്ചു.
ലൈബീരിയൻ പതാകയുള്ള കാർഗോ കപ്പലായ എംവി എറ്റേണിറ്റി സിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനിൽകുമാറടക്കം 11 പേരെ കാണാതായത്. പിന്നീട് ജൂലൈ അവസാനം പത്തിയൂർക്കാല ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രന്റെ ഫോൺവിളിയെത്തിയിരുന്നു. താൻ യെമനിലുണ്ടെന്നും ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അനിൽ ഭാര്യ ശ്രീജയോട് പറഞ്ഞിരുന്നു. നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിക്കിടയിൽ മകൻ അനൂജിനോടും സംസാരിച്ചു. പിന്നീട് വിളിക്കാമെന്നു മകനോടും പറഞ്ഞു. അനിലിന്റെ ഫോൺ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. തുടർന്നു യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറി.
എന്നാൽ യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചതോടെ 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത് എന്നു വ്യക്തമായി. ഇതിൽ മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു. 21 പേർ കടലിൽച്ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. എന്നാൽ അനിലടക്കമുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.















































