തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേർത്ത് എസ്ഐടി. നേരത്തെ സ്വർണ കട്ടിളപ്പാളി കേസിലായിരുന്നു പ്രതിചേർത്തതെങ്കിൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും കൂടി സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേർത്തു.
ഇതോടെ ശബരിമല സ്വർണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാർ പ്രതിയായി. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പത്മകുമാറിനെയും പ്രതി ചേർത്തിരിക്കുന്നത്. ഇതോടെ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു.
ഡിസംബർ 18 വരെ 14 ദിവസത്തേക്കാണ് റിമാൻഡ്. അതേസമയം ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിൻറെ റിമാൻഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
എ പത്മകുമാറിനെ കൂടാതെ ശബരിമല സ്വർണ്ണക്കവർച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ എസ് ജയശ്രീക്കും ആറാം പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻകൂർ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
















































