തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പുതിയ ബലാത്സംഗ പരാതി നിഷേധിച്ച് അടൂർ നഗരസഭാ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഫെന്നി നൈനാൻ. ഇപ്പോൾ പുറത്തുവന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. പരാതി നൽകിയിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നുപോലും തനിക്ക് അറിയില്ല, തെളിവുണ്ടെങ്കിൽ തനിക്കു വോട്ടുചെയ്യേണ്ടെന്ന് അഭ്യർഥിക്കുന്നെന്നും ഫെനി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫെന്നി നൈനാനൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ കാണാൻ എത്തിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചു പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തന്നെ കാറിൽ കൊണ്ടുപോയെന്നും ശേഷം വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഫെന്നി നൈനാൻ നിഷേധിച്ചു. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഫെന്നി നൈനാൻ ആരോപിച്ചു.
പെൺകുട്ടി പറയുന്നതു വാഹനത്തിൽ കയറ്റി ഹോംസ്റ്റേയിൽ എത്തിച്ചെന്നും അവിടെനിന്ന് തിരിച്ചുകൊണ്ടുവന്ന് വീട്ടിലേയ്ക്കുള്ള വഴിയിൽ ഇറക്കിവിട്ടെന്നുമാണ്. പരാതി ഉന്നയിച്ചയാളേക്കുറിച്ച് എനിക്ക് അറിയില്ല. പരാതി ഉന്നയിച്ചത് ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല. ഏത് വാഹനത്തിലാണ് കയറ്റിക്കൊണ്ടുപോയത്? ഏത് ഹോംസ്റ്റേയിൽ ആണ് കൊണ്ടിറക്കിയത് എന്ന കാര്യം പരാതി നൽകിയ ആൾ പറയാൻ തയ്യാറാകണം. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ആരോപണം ഉന്നയിച്ചവർ അതിന്റെ തെളിവ് പുറത്തുവിടട്ടെ. തെളിവ് ഇല്ലെങ്കിൽ പോലീസ് അന്വേഷിച്ച് പരാതിയിൽ എന്തെങ്കിലും കാമ്പുണ്ടെന്ന് കണ്ടെത്തിയാൽ എന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറാണ്. ഒരു സ്ഥാനാർഥി എന്ന നിലയിൽ ഇതിൽക്കൂടുതൽ ഞാൻ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. പരാതിയിൽ പറഞ്ഞിട്ടുള്ളത് പച്ചക്കള്ളമാണ്. പിന്നിൽ കൃത്യമായ ഗൂഢാലോചനയാണ്. ഇത് പുറത്തുവരണം. ഡിജിപിക്ക് പരാതി മെയിൽ ചെയ്തിട്ടുണ്ട്. വക്കീലുമായി സംസാരിച്ച് കോടതി മുഖാന്തിരം തുടർനടപടി സ്വീകരിക്കും- ഫെന്നി നൈനാൻ പറഞ്ഞു.
അതേസമയം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം കഴിഞ്ഞുവെന്ന് മാധ്യമപ്രവർത്തകർ ഓർമ്മപ്പെടുത്തിയപ്പോൾ; തെളിവുണ്ടെങ്കിൽ തനിക്കെതിരേ വോട്ട് ചെയ്യേണ്ട എന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്നും ഫെന്നി മറുപടി പറഞ്ഞു.



















































