കണ്ണൂർ: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്നും അദ്ദേഹത്തിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമാത്രമേയുള്ളുവെന്നും വി ശിവൻകുട്ടി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുലെന്നും വി ശിവൻകുട്ടി പറഞ്ഞു. രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
‘രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. അല്ലാതെ ആർക്കാണ് പ്രശ്‌നം? മഹാത്മാഗാന്ധി പണ്ട് ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ? ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ കുടുംബത്തിലെ പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂ’- വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം റിമാൻഡിലായ രാഹുൽ ഈശ്വർ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു. അത് കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്. ശബരിമല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ദീപ രാഹുൽ ഈശ്വർ പ്രതികരിച്ചത്.

















































