ചെന്നൈ: ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി. തുടര്‍ന്ന് തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്‌റ്റേഷനിലെത്തിയത്.
വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്‍വെച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം. സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയില്‍വെച്ചായിരുന്നു സംഭവം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയിനില്‍നിന്ന് ഇറങ്ങാനും തൊട്ടടുത്ത ഹൈക്കോടതി സ്‌റ്റേഷനിലേക്ക് നടന്നുപോകാനും അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാര്‍ ട്രെയിനില്‍നിന്നിറങ്ങി തുരങ്കപാതയ്ക്കുള്ളിലൂടെ 500 മീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു. യാത്രക്കാര്‍ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെയും ട്രെയിനില്‍ കുടുങ്ങിപ്പോയതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സാങ്കേതിക തകരാര്‍ കാരണമാണ് സെന്‍ട്രല്‍ സ്റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയ്ക്കുവെച്ച് ട്രെയിന്‍ നിശ്ചലമായതെന്ന് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ വളരെവേഗത്തില്‍ പുറത്തെത്തിച്ചെന്നും തകരാറിലായ ട്രെയിന്‍ ലൈനില്‍നിന്ന് പിന്‍വലിച്ചതായും അധികൃതര്‍ പറഞ്ഞു. രാവിലെ 6.20-ഓടെ സര്‍വീസുകള്‍ സാധാരണനിലയിലായെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു.


















































