തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇ ഡി കണ്ടെത്തല്‍.
കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഭൂമി വാങ്ങിയതിന്റെ രേഖകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഇ ഡി വ്യക്തമാക്കി. ഇ ഡി 150-ലധികം പേജുകളുളള റിപ്പോര്‍ട്ടാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചത്. ഇ ഡി നോട്ടീസ് അസംബന്ധമാണെന്നും നോട്ടീസിന് മറുപടി നല്‍കണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇ ഡി നോട്ടീസില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പറഞ്ഞു.


















































