ടിബിലിസി: സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്താൻ വേണ്ടി ജോർജിയൻ ഭരണകൂടം നടത്തിയത് വൻ ചതി. പ്രക്ഷോഭം തകർക്കാൻ ഒന്നാം ലോകമഹായുദ്ധ കാലത്തെ രാസായുധം ഉപയോഗിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമം ജോർജിയൻ സർക്കാർ നിർത്തിവെച്ചതിനെതിരെ കഴിഞ്ഞ കൊല്ലമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. പ്രകടനം നടത്തിയവർക്ക് ആഴ്ചകളോളം നീണ്ടുനിന്ന ശ്വാസംമുട്ടൽ, ചുമ, ഛർദ്ദി തുടങ്ങി മറ്റ് പല രോഗലക്ഷണങ്ങൾ ഉണ്ടായതായി പരാതിയുയർന്നിരുന്നു. സംഭവത്തിൽ ബിബിസിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. രാസായുധ വിദഗ്ധർ, ജോർജിയയിലെ കലാപവിരുദ്ധ പോലീസിൽനിന്നുള്ള വിവരങ്ങൾ പുറത്തുവിട്ടവർ, ഡോക്ടർമാർ എന്നിവരിൽ നിന്നും ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഫ്രഞ്ച് സൈന്യം ‘കാമൈറ്റ്’ എന്ന് വിളിക്കുന്ന ഒരു രാസവസ്തുവാണ് ജോർജിയൻ അധികൃതർ സമരക്കാർക്കെതിരെ പ്രയോഗിച്ചത് എന്നാണ് തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസാണ് ജർമ്മനിക്കെതിരെ കാമൈറ്റ് ഉപയോഗിച്ചത്. അതിനുശേഷമുള്ള ഇതിന്റെ ഉപയോഗത്തെക്കുറിച്ച് കാര്യമായ രേഖകളില്ല, എന്നാൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം 1930-കളിൽ ഇത് ഉപയോഗത്തിൽ നിന്ന് പിൻവലിച്ചതായി കരുതപ്പെടുന്നു. പിന്നീട് കണ്ണീർ വാതകം എന്ന് വിളിക്കപ്പെടുന്ന സിഎസ് ഗ്യാസ് ഉപയോഗിച്ചു തുടങ്ങി. “വെള്ളം ദേഹത്ത് വീഴുമ്പോൾ പൊള്ളുന്നതുപോലെ തോന്നി,” തലസ്ഥാനമായ ടിബിലിസിയിലെ തെരുവുകളിൽ തനിക്കും മറ്റുള്ളവർക്കും നേരെ പ്രയോഗിച്ച ജലപീരങ്കിയെക്കുറിച്ച് പ്രക്ഷോഭകരിലൊരാൾ പറഞ്ഞു. പെട്ടെന്നൊന്നും കഴുകിക്കളയാൻ കഴിയാത്ത വിധത്തിലായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2024 നവംബർ 28-ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ആദ്യ ആഴ്ചയിൽ ജോർജിയൻ പാർലമെന്റിന് പുറത്ത് ഒത്തുകൂടിയവരിൽ ഒരാളായിരുന്നു കോൺസ്റ്റന്റൈൻ ചഖുനാഷ്വിലി. യൂറോപ്യൻ യൂണിയനിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന ഭരണകക്ഷിയുടെ പ്രഖ്യാപനത്തിൽ പ്രക്ഷോഭകർ രോഷാകുലരായിരുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്ന ലക്ഷ്യം ജോർജിയയുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
ജലപീരങ്കി, പെപ്പർ സ്പ്രേ, സിഎസ് ഗ്യാസ് എന്നിവയുൾപ്പെടെ പലതരം കലാപ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ജോർജിയൻ പോലീസ് അന്നു പ്രതികരിച്ചത്. പീരങ്കികളിൽ നിന്ന് വെള്ളം ദേഹത്ത് വീണ നിരവധി പ്രകടനങ്ങളിൽ പങ്കെടുത്തയാളുമായ ശിശുരോഗ വിദഗ്ദ്ധനായ ഡോ. ചഖുനാഷ്വിലി, ദിവസങ്ങളോളം തന്റെ ചർമ്മം പൊള്ളുന്നതുപോലെ തോന്നിയെന്നും എത്ര ശ്രമിച്ചിട്ടും ശരീരത്തിൽ നിന്ന് അത് കഴുകി കളയാൻ സാധിച്ചില്ലെന്നും പറഞ്ഞു. കഴുകിക്കളയാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ വഷളാകുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും സമാനമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോ ഡോ. ചഖുനാഷ്വിലി അന്വേഷിക്കാൻ തീരുമാനിച്ചു. പ്രകടനങ്ങളുടെ ആദ്യ ആഴ്ചയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾക്ക് വിധേയരായവരോട് ഒരു സർവേ പൂരിപ്പിക്കാൻ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. ഏകദേശം 350 പേർ അദ്ദേഹവുമായി ബന്ധപ്പെട്ടു, അവരിൽ പകുതിയോളം പേർ 30 ദിവസത്തിൽ കൂടുതൽ ഒന്നോ അതിലധികമോ പാർശ്വഫലങ്ങൾ അനുഭവിച്ചതായി പറഞ്ഞു. തലവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ, ഛർദ്ദി എന്നിവ ഈ ദീർഘകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പഠനം പിന്നീട് സമഗ്ര അപഗ്രഥനത്തിന് വിധേയമാക്കുകയും ടോക്സിക്കോളജി റിപ്പോർട്ട്സ് എന്ന അന്താരാഷ്ട്ര ജേണൽ പ്രസിദ്ധീകരണത്തിനായി അംഗീകരിക്കുകയും ചെയ്തു.
തുടർന്നു സർവേയിൽ പങ്കടുത്തവരിൽ അറുപത്തിയൊൻപത് പേരെ ഡോ. ചഖുനാഷ്വിലി പരിശോധിക്കുകയും അവരുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിലും ചില താളപ്പിഴകൾ കണ്ടെത്തുകയും ചെയ്തു. ജലപീരങ്കിയിൽ ഒരു രാസവസ്തു കലർത്തിയിരിക്കാം എന്ന, പ്രാദേശിക പത്രപ്രവർത്തകരും ഡോക്ടർമാരും പൗരാവകാശ സംഘടനകളും എത്തിച്ചേർന്ന നിഗമനത്തെയാണ് ഡോ. ചഖുനാഷ്വിലിയുടെ റിപ്പോർട്ടും ശരിവയ്ക്കുന്നത്. എന്താണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു.
2009-ൽ ജലപീരങ്കിയിൽ ഉപയോഗിക്കുന്നതിനായി തന്നോട് പരീക്ഷിക്കാൻ ആവശ്യപ്പെട്ട അതേ സംയുക്തമാണിതെന്ന് വകുപ്പിലെ മുൻ ആയുധ വിഭാഗം മേധാവിയായ ലഷ ഷെർഗെലാഷ്വിലി പറഞ്ഞു. ആ ഉത്പന്നത്തിന്റെ പ്രത്യാഘാതങ്ങൾ താൻ മുമ്പ് അനുഭവിച്ച ഒന്നിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് സ്പ്രേ ചെയ്ത സ്ഥലത്തിനടുത്ത് നിന്നപ്പോൾ അദ്ദേഹത്തിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി, അദ്ദേഹത്തോടൊപ്പം അത് പരീക്ഷിച്ച 15-20 സഹപ്രവർത്തകർക്കും അത് എളുപ്പത്തിൽ കഴുകിക്കളയാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരീക്ഷണങ്ങളുടെ ഫലമായി, ആ രാസവസ്തു ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം ശുപാർശ ചെയ്തുവെന്ന് ഷെർഗെലാഷ്വിലി പറയുന്നു. എന്നാൽ ജലപീരങ്കി വാഹനങ്ങളിൽ അത് നിറച്ചിരുന്നുവെന്നും, 2022-ൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് രാജ്യം വിടുന്നത് വരെ ഇതു തുടർന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഷെർഗെലാഷ്വിലി ജോലിയിലായിരുന്നപ്പോൾ ജലപീരങ്കി വാഹനങ്ങളിൽ നിറച്ചിരുന്നത് എന്താണോ, അതേ സംയുക്തമാണ് 2024 നവംബർ-ഡിസംബർ മാസങ്ങളിലെ പ്രക്ഷോഭങ്ങളിൽ ഉപയോഗിച്ചതെന്ന് മറ്റൊരു മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ബിബിസിയോട് സ്ഥിരീകരിച്ചു. രാസവസ്തുവിന്റെ പേര് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിൽ പേര് വെളിപ്പെടുത്താത്ത രണ്ട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ബിബിസിയ്ക്ക് തെളിവു ലഭിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇവയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചെടുത്ത, കാമൈറ്റ് എന്നറിയപ്പെടുന്ന ബ്രോമോബെൻസിൽ സയനൈഡ് മാത്രമാണ് കലാപ നിയന്ത്രണ ഏജന്റായി ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയത്. ഉപയോഗിച്ച രാസവസ്തു കാമൈറ്റ് ആണെന്ന് ലോകപ്രശസ്ത ടോക്സിക്കോളജി, രാസായുധ വിദഗ്ദ്ധനായ പ്രൊഫ. ക്രിസ്റ്റഫർ ഹോൾസ്റ്റെജ് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ പോലീസ് ഒരു കലാപ നിയന്ത്രണ ഏജന്റായി കാമൈറ്റ് കുറച്ചുകാലം ഉപയോഗിച്ചിരുന്നു, എന്നാൽ സിഎസ് ഗ്യാസ് പോലുള്ള സുരക്ഷിതമായ മാർഗങ്ങൾ കണ്ടുപിടിച്ചതിന് ശേഷം അത് ഉപേക്ഷിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഏജന്റുകളായി രാസവസ്തുക്കൾ ഉപയോഗിക്കാൻ പോലീസ് സേനയ്ക്ക് അനുവാദമുണ്ട്, അവ ആനുപാതികവും ഹ്രസ്വകാല പ്രത്യാഘാതങ്ങൾ മാത്രം ഉള്ളതുമാണെങ്കിൽമാത്രമേ ഉപയോഗിക്കാനാകു.
കഴിഞ്ഞ ഒരു വർഷമായി മിക്കവാറും എല്ലാ രാത്രികളിലും, തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുകയും റഷ്യൻ താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുകയും പൗരസമൂഹത്തിനെതിരെ കൂടുതൽ കഠിനമായ നിയമങ്ങൾ പാസാക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനക്കാർ രംഗത്തുണ്ട്. റഷ്യൻ താൽപര്യങ്ങൾ പിന്തുടരുന്നുവെന്ന ആരോപണങ്ങൾ ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി നിഷേധിച്ചു. ആരോപണങ്ങൾ അസംബന്ധമാണെന്നും ക്രൂരരായ കുറ്റവാളികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറുപടിയായി പോലീസ് നിയമപരമായാണ് പ്രവർത്തിച്ചതെന്നും ജോർജിയൻ അധികൃതർ പറഞ്ഞു.



















































