ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ലഡ്ഡു നിർമാണത്തിനുപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ ക്ഷേത്ര ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടിടിഡി എക്‌സിക്യൂട്ടീവ് എൻജിനീയറായ സുബ്രഹ്മണ്യത്തെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ടിടിഡി മാർക്കറ്റിങ് ജനറൽ മാനേജരായിരുന്നു സുബ്രഹ്മണ്യം.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദിവസവും ഏകദേശം 4 ലക്ഷം ലഡ്ഡു തയ്യാറാക്കുന്നുണ്ട്. ഇതിനായി 12,000-13,000 കിലോഗ്രാം നെയ്യ് ആവശ്യമാണ്. വൈഎസ്ആർസിപിസർക്കാരിൻ്റെ കാലത്ത് ലഡ്ഡു നിർമ്മാണത്തിന് മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം ടിഡിപി അധികാരത്തിൽ വന്നതോടെയാണ് പുറത്തെത്തിയത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർണായക ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു.
മായം കലർത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. 2019-നും 2024-നും ഇടയിൽ ഏകദേശം 20 കോടി ലഡ്ഡു മായം കലർന്ന നെയ്യ് ഉപയോഗിച്ച് നിർമ്മിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഈ കാലയളവിൽ നിർമ്മിച്ച 48.76 കോടി ലഡ്ഡുവിൽ ഏകദേശം 40 ശതമാനത്തിലും പാം ഓയിൽ, പാം കേർണൽ ഓയിൽ, മറ്റ് രാസവസ്തുക്കൾ എന്നിവ അടങ്ങിയിരുന്നതായി കണ്ടെത്തി.
നെയ്യ് വാങ്ങുന്നതിനായി അന്നത്തെ ടിടിഡി ബോർഡ് നിരവധി ക്ഷീരോത്പാദക വിതരണക്കാർക്ക് ഏകദേശം 250 കോടി രൂപ നൽകി. ഈ വിതരണക്കാരിൽ നിന്ന് ടിടിഡി ഏകദേശം 1.61 കോടി കിലോഗ്രാം നെയ്യ് വാങ്ങി, ഇതിൽ 68 ലക്ഷം കിലോഗ്രാം മായം കലർന്നതാണെന്ന് തിരിച്ചറിഞ്ഞു. മുൻ ടിടിഡി ചെയർമാനും വൈഎസ്ആർസിപി എംപിയുമായ വൈവി സുബ്ബ റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽവെച്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റായ ചിന്ന അപ്പണ്ണയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.


















































