പത്തനംതിട്ട: പത്തനംതിട്ട കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. ഏഴുവയസുകാരിയായ ആദ്യലക്ഷ്മിയാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ഓട്ടോ ഡ്രൈവർ ഗുരുതര പരുക്കോടുകൂടി ചികിത്സയിൽ കഴിയുകയാണ്. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. മറ്റ് കുട്ടികൾക്ക് സാരമായ പരുക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
















































