ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) നടപടികളുടെ സമ്മർദംമൂലം കുഴഞ്ഞുവീണു മരിക്കുകയോ, അതല്ലെങ്കിൽ ജീവനൊടുക്കുകയോ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ മരണപ്പെട്ട 16 ബിഎൽഒമാരുടെ പേരുകളും ചിത്രങ്ങളുമാണ് കോൺഗ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചത്.
എസ്‌ഐആർ തൊഴിലാളികൾ നേരിടുന്ന താങ്ങാനാവാത്ത സമ്മർദം മുൻനിർത്തി, ജീവനേക്കാൾ പ്രധാനമാണോ ഡെഡ്‌ലൈൻ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തിൽ താഴെയായി ‘എസ്‌ഐആർ വധശിക്ഷയാകുമ്പോൾ’ എന്നും ചേർത്തിട്ടുണ്ട്. ഗുജറാത്തിൽനിന്നുള്ള നാലുപേർ, പശ്ചിമ ബംഗാളിൽനിന്ന് മൂന്നുപേർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്ന് രണ്ടുപേർ വീതം, കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.
അതേസമയം വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്ഫലമായി മാനസിക സമ്മർദം മൂലം മൂന്നാഴ്ചയ്ക്കിടെ 16 ബിഎൽഒമാർ മരിച്ചെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എസ്‌ഐആർ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേൽപ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുൽ എക്‌സിൽ കുറിച്ചു. എസ്‌ഐആർ മൂലം പൗരന്മാർ പീഡിപ്പിക്കപ്പെടുന്നു. അനാവശ്യ സമ്മർദംമൂലമുള്ള ബിഎൽഒമാരുടെ മരണങ്ങളെ പാർശ്വഫലങ്ങൾ എന്നു പറഞ്ഞ് തള്ളിക്കളയുന്നു. അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാൻവേണ്ടി ജനാധിപത്യം ബലികഴിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

















































