കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ് നടക്കുന്നതെന്നും അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള ജനം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘പത്തുവര്‍ഷം മുന്‍പ് ഇല്ലാത്തൊരു വിഷയത്തെ ചൊല്ലി കേരളമാകെ സ്തംഭിപ്പിച്ച് കേരളത്തില്‍ വലിയ കൊളള നടന്നെന്ന പേരില്‍ എല്‍ഡിഎഫ് നടത്തിയ സമരവും ചര്‍ച്ചയും ആരും മറന്നിട്ടില്ല. സോളാര്‍ സമരങ്ങള്‍ അവസാനം മല എലിയെ പെറ്റത് പോലെയായി. ഒരു രൂപ സര്‍ക്കാരിന് നഷ്ടപ്പെടാത്ത കാര്യത്തെ ചൊല്ലി കേരളത്തിലെ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചും ഭരണകൂടത്തെ സ്തംഭിപ്പിച്ചും മുന്നോട്ടുപോയവര്‍ ഇന്ന് ശബരിമലയിലെ വിശ്വാസികളെ വഞ്ചിച്ചിട്ട് ആ ചര്‍ച്ച വിലപ്പോകില്ലെന്ന് പറയുമ്പോള്‍ ഇരട്ടത്താപ്പാണ്. സോളാര്‍ സമരം വലിയ സംഭവമായിരുന്നു. ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ല എന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്’: ചാണ്ടി ഉമ്മന്‍ പറഞ്ഞു.


















































