അബുദാബി: പ്രായം കൂടുംതോറും മാറ്റ് കൂടുകയാണ് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന്. അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനവുമായാണ് ശ്രീശാന്ത് പ്ലെയർ ഓഫ് ദ് മാച്ചായത്. ലീഗിൽ വിസ്ത റൈഡേഴ്സ് ക്യാപ്റ്റനായ ശ്രീശാന്ത്, ആസ്പിൻ സ്റ്റാലിയൻസിനെതിരായ മത്സരത്തിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. ഒരോവറിൽ രണ്ടു റൺസ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകനം.ആറു റൺസിന് വിസ്ത റൈഡേഴ്സ് വിജയിച്ച മത്സരത്തിൽ ശ്രീശാന്ത് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
മത്സരത്തിൽ ടോസ് നേടിയ വിസ്ത റൈഡേഴ്സ്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പത്ത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് വിസ്ത കുറിച്ചത്. 29 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടോപ് സ്കോററായപ്പോൾ, ഫാഫ് ഡുപ്ലെസിസ്, ഉൻമുക്ത് ചന്ദ് എന്നിവർ 13 റൺസ് വീതം നേടി. ആസ്പിൻ സ്റ്റാലിയൻസിനായി സോഹൈർ ഇക്ബാൽ മൂന്നു വിക്കറ്റും ബിനുറ ഫെർണാണ്ടോ, ആഷ്മീദ് നെദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 85 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആസ്പിന്റെ ഇന്നിങ്സ്, 10 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 78 റൺസിൽ അവസാനിച്ചു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ, റഹ്മാനുള്ള ഗുർബാസിനെ ഗോൾഡൻ ഡക്കായി മടക്കിയ ശ്രീശാന്ത്, നാലാം പന്തിൽ അവ്ഷിക ഫെർണാണ്ടോയെ വിക്കറ്റിനു മുന്നിൽ കുരുക്കുകയും ചെയ്തു. ഇതോടെ അക്കൗണ്ട് പോലും തുറക്കും മുൻപ് ആസ്പിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഒരോവർ മാത്രം എറിഞ്ഞ ശ്രീശാന്ത്, വെറും രണ്ടു റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
പിന്നാലെ ബെൻ കട്ടിങ് (35), ല്യൂസ് ഡു പ്ലൂയി (14) എന്നിവർ ആസ്പിൻ സ്റ്റാലിയൻസിനായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ് ആസ്പിൻ സ്റ്റാലിയൻസിന്റെ ക്യാപ്റ്റൻ. വിസ്ത റൈഡേഴ്സിനായി ആൻഡ്രൂ ടൈ രണ്ടു വിക്കറ്റും അവായിസ് അഹമ്മദ്, ധനഞ്ജയ ലക്ഷൻ, ഷറഫുദ്ദീൻ അഷ്‌റഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയമുള്ള വിസ്ത, പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ആസ്പിൻ സ്റ്റാലിയൻസ് ആറാം സ്ഥാനത്താണ്. ആകെ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന അബുദാബി ടി10 ലീഗ് ഈ മാസം 18 മുതൽ 30 വരെയാണ്.
Sreesanth sends Gurbaz and Avishka packing for ducks in a fiery over 🔥#AbuDhabiT10 pic.twitter.com/9ptGq5Oj2G
— FanCode (@FanCode) November 22, 2025
















































