ന്യൂഡല്‍ഹി: പൈലറ്റിന്റെ അവസാന നിമിഷങ്ങളുടെ വ്യക്തമായ ചിത്രംനല്‍കി ദുബായില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ വീഡിയോ ദൃശ്യം. പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം പുറത്തുചാടാന്‍ ശ്രമിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ദൃശ്യം WL Tan’s Aviation Videos ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പുതിയ വീഡിയോ വ്യക്തമായ ചിത്രം നല്‍കുന്നു. വീഡിയോയുടെ 49-52 സെക്കന്‍ഡില്‍, വിമാനം തീഗോളമായി മാറുന്ന സമയത്ത്, പാരച്യൂട്ട് പോലുള്ള ഒരു വസ്തു കാണാം. പൈലറ്റ് പുറത്തുചാടാന്‍ ശ്രമിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. മികച്ച സുരക്ഷാ റെക്കോര്‍ഡുള്ള വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അതിനെ രക്ഷിക്കാനും പൈലറ്റ് ശ്രമിച്ചതുകൊണ്ടാകാം ഇത് സംഭവിച്ചത് എന്നാണ് വിദഗ്ധരുടെ അനുമാനം.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഭാരം കുറഞ്ഞ വിവിധോദ്ദേശ്യ യുദ്ധവിമാനമായ തേജസിന്റെ 10 വര്‍ഷത്തെ സേവനത്തിനിടയിലെ ആദ്യത്തെ മരണമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്‌സാല്‍മീറിനടുത്ത് ഒരു തേജസ് വിമാനം തകര്‍ന്നു വീണിരുന്നു. എന്നാല്‍, അന്ന് പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയിരുന്നു.
എയര്‍ഷോയിലെ ഒരു കാണിയാണ് ഈ പുതിയ വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു. വീഡിയോയില്‍, തേജസ് ജെറ്റ് ‘ബാരല്‍ റോള്‍’ എന്നറിയപ്പെടുന്ന ഒരു അഭ്യാസപ്രകടനം നടത്തുന്നത് കാണാം, ഇതില്‍ ജെറ്റ് തലകീഴായി മറിഞ്ഞ ശേഷം വീണ്ടും നേരെയാകുന്നു. തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ്, ജെറ്റ് ഒരു ‘നെഗറ്റീവ്-ജി ടേണ്‍’ നടത്തുകയായിരുന്നു. എന്നാല്‍ ഈ സമയത്ത്, ജെറ്റ് വളരെ താഴ്ന്നാണ് പറന്നിരുന്നത്.
നിലത്ത് തകര്‍ന്നുവീഴുന്നതിന് മുന്‍പ് ജെറ്റ് കൂടുതല്‍ കൂടുതല്‍ താഴേക്ക് പോയി. യുദ്ധവിമാനത്തെ സ്ഥിരപ്പെടുത്തി ഉയരം വീണ്ടെടുക്കുന്നതിനുള്ള ഒരു ‘പോസ്റ്റ്-ലൂപ്പ്’ അഭ്യാസത്തിന് അവിടെ സാധ്യതയുണ്ടായിരുന്നില്ലെന്ന് വ്യോമയാന വിദഗ്ധര്‍ പറഞ്ഞു. എന്നിരുന്നാലും, അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര സ്വദേശിയായ 37-കാരനായ വിങ് കമാന്‍ഡര്‍ സ്യാലിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭാര്യ വിരമിച്ച വിങ് കമാന്‍ഡറാണ്. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.


















































