പട്ന: ബിഹാറിൽ പുതിയ സർക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ തന്റെ കാൽതൊടാൻ തുനിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച വിമാനത്താവളത്തിൽ വച്ചാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
നിതീഷ് കുമാർ മോദിയുടെ കാൽ തൊടാൻ ശ്രമിക്കുന്നതും, പെട്ടെന്നുതന്നെ പ്രധാനമന്ത്രി അദ്ദേഹത്തെ തോളിൽ പിടിച്ച് തടയുന്നതുമായ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജെഡിയു തലവന്റെ ഇരുകൈകളിലും പിടിച്ച പ്രധാനമന്ത്രി, വിമാനത്തിന്റെ പടവുകൾ കയറുന്നതിന് മുമ്പായി കുശലം പറയുന്നതും കാണാം. അതേസമയം പ്രധാനമന്ത്രിയേക്കാൾ ഏതാനും മാസങ്ങൾ മാത്രം പ്രായം കുറഞ്ഞയാളാണ് നിതീഷ് കുമാർ, കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലും സമാനമായി പെരുമാറിയത് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു.
അതേസമയം പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യാപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽകാലം മുഖ്യമന്ത്രിയായിരുന്ന ജെഡിയു അധ്യക്ഷൻ ഇത് പത്താം തവണയാണ് വീണ്ടും ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷം നേടിയിരുന്നു. തന്റെ പാർട്ടിയേക്കാൾ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുകയായിരുന്നു.


















































