നിലമ്പൂർ: തൃണമൂൽ കോൺഗ്രസ് ചുങ്കത്തറ പഞ്ചായത്ത് കൺവീനർ പി.ബി. സുഭാഷ് രാജിവച്ച് സിപിഎമ്മിലേക്ക് ചേക്കേറുന്നു. പി.വി. അൻവറിന് സ്വാർത്ഥ താത്‌പര്യം മാത്രമാണെന്നും അദ്ദേഹം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പി.വി. അൻവറുമായും തൃണമൂൽ കോൺസുമായുമുള്ള എല്ലാ ബന്ധക്കളും അവസാനിപ്പിച്ചതായും സുഭാഷ് പറഞ്ഞു.
പിവി അൻവറിനെതിരെ ആരോപണമുന്നയിച്ച സുഭാഷ് താൻ ഉൾപ്പെടെയുള്ളവർ അൻവറിന്റെ നിലപാടിൽ ശരിയുണ്ടെന്ന് ചിന്തിച്ച് അദ്ദേഹത്തിനൊപ്പം കൂടിയവരാണ്. എന്നാൽ പി.വി. അൻവർ ഇടതുപക്ഷം വിടുമ്പോൾ ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹത്തിന് തെളിയിക്കാനാവുന്നില്ലായെന്നും ആരോപിക്കുന്നു. പിണറായിസത്തിനെതിരേ രംഗത്തുവന്ന് പിന്നീട് സതീശനിസവും നക്സസും ആരോപിക്കുമ്പോഴും അൻവറിന് സ്വന്തമായി ഒരു നിലപാട് സ്വീകരിക്കാനായില്ല. അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സ്വാർത്ഥ താത്‌പര്യങ്ങൾക്കും പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും തൃണമൂലിന് നൽകാൻ യുഡിഎഫിനോട് കേഴുകയാണ് അൻവറും പാർട്ടിയുമെന്നും സുഭാഷ് പറയുന്നു. യുഡിഎഫ് വാതിലടച്ചപ്പോൾ സിപിഎമ്മുമായും അടവുനയം സ്വീകരിക്കുമെന്നാണ് തൃണമൂൽ പ്രഖ്യാപിച്ചത്. ഇത് നാണക്കേടായെന്നാണ് തൃണമൂൽ പ്രവർത്തകർ പറയുന്നത്. ചുങ്കത്തറ പഞ്ചായത്ത് ഭരണം കൈവെള്ളയിൽവെച്ച് കൊടുത്തിട്ടും യുഡിഎഫ് അൻവറിനെ കൈയൊഴിഞ്ഞെന്നും സുഭാഷ് ആരോപിച്ചു.















































