ബീജിംഗ്: വർഷങ്ങളായി മറ്റ് രാജ്യങ്ങളെ ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി വരുന്ന അമേരിക്ക തന്നെ കഴിഞ്ഞ രണ്ടുദശാബ്ദത്തിനിടെ ചൈനീസ് വായ്പകളും ധനസഹായവും ഏറ്റുവാങ്ങിയ ഏറ്റവും വലിയ രാജ്യമായി മാറിയതായി പുതിയ റിപ്പോർട്ട്.
അമേരിക്കയിലെ വില്യം ആൻഡ് മേരി സർവ്വകലാശാലയുടെ ഗവേഷണ കേന്ദ്രമായ എയ്ഡ്‌ഡേറ്റ പുറത്തിറക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2.2 ലക്ഷംകോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം നൽകിയത്. ഇതിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്പയും ധനസഹായവും അമേരിക്കയ്ക്ക് നൽകിയെന്നാണ് ഡാറ്റ വെളിപ്പെടുത്തുന്നത്. 2,500 പ്രോജക്റ്റുകളിലായി, ടെക്‌സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളും സ്ഥാപനങ്ങളും വായ്പ നൽകിയെന്ന് എയ്ഡ്‌ഡേറ്റ പറയുന്നു
.
ചൈനീസ് ധനകാര്യ സംഘടനകൾ അമേരിക്കയിലെ ഉയർന്ന സാങ്കേതിക സ്ഥാപനങ്ങൾ സ്വന്തമാക്കാൻ, ക്രിട്ടിക്കൽ മിനറൽസ്, LNG പദ്ധതികൾ, ഏർപോർട്ട് ടെർമിനലുകൾ, പവർ ട്രാൻസ്മിഷൻ ലൈനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയതായും റിപ്പോർട്ട് പറയുന്നു.
കമ്പനികൾക്ക് ‘ലിക്വിഡിറ്റി സപ്പോർട്ട്’ എന്ന പേരിൽ നൽകിയ വായ്പകളാണ് ഇതിൽ പകുതിയിലധികം. ഇത് അന്താരാഷ്ട്ര ബാങ്കുകൾ ചേർന്ന് നൽകുന്ന സാധാരണ ക്രെഡിറ്റ് ലൈനുകളാണെന്നും ഇവയിലൂടെ ചൈനീസ് സ്ഥാപനങ്ങൾക്ക് നിയന്ത്രണാവകാശം ലഭിക്കുന്നില്ലെന്നും എയ്ഡ്‌ഡേറ്റ വ്യക്തമാക്കുന്നു.
എന്നാൽ, ‘മെയ്ഡ് ഇൻ ചൈന 2025’ പോലുള്ള ചൈനീസ് ദേശീയ സുരക്ഷാ മുൻഗണനകളുമായി ബന്ധപ്പെട്ട ഉയർന്ന സാങ്കേതിക മേഖലകളിലേക്കുള്ള നിക്ഷേപം കഴിഞ്ഞ ദശകത്തിൽ വേഗത്തിൽ വർധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ Omni Vision, Praslin Company, Ingram Micro എന്നിവയുടെ ഏറ്റെടുക്കൽ അതിന്റെ ഉദാഹരണങ്ങളാണ്. യൂറോപ്യൻ യൂണിയനും യുകെയും ഉൾപ്പെടെ ഉയർന്ന വരുമാന രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ചൈനീസ് വായ്പകളുടെ ഭൂരിഭാഗവും പോകുന്നത്—EU രാജ്യങ്ങൾക്ക് $161 ബില്യണും, ബ്രിട്ടന് $60 ബില്യണുമാണ് ചൈന നൽകുന്നത്.
അതുപോലെ താഴ്ന്ന വരുമാന രാഷ്ട്രങ്ങളിലേക്കുള്ള ചൈനീസ് ധനസഹായത്തിന്റെ വിഹിതം 2000ൽ 88% ആയിരുന്നതിൽ നിന്ന് ഇപ്പോൾ 24% ആയി കുറഞ്ഞ സാഹചര്യത്തിൽ, പാശ്ചാത്യരാജ്യങ്ങൾ ഇപ്പോൾ ചൈനയുടെ നയങ്ങളോട് പൊരുതി മത്സരിക്കുന്ന രീതിയിലേക്ക് മാറുകയാണ് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക, രണ്ടാം ട്രംപ് ഭരണകാലത്ത് അന്താരാഷ്ട്ര സഹായ ബജറ്റിൽ കനത്ത വെട്ടിക്കുറവ് ചെയ്തുവെങ്കിലും, ഉയർന്ന വരുമാന രാജ്യങ്ങളിലേക്കുള്ള വായ്പകൾ വർധിപ്പിക്കാൻ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ബജറ്റ് വികസിപ്പിക്കുന്ന നീക്കങ്ങൾ നടന്നു വരുന്നതായും പഠനം പറയുന്നു. ചൈനയുടെ ആഗോള ധനതന്ത്രം പരിഹസിക്കപ്പെടുന്ന ഘട്ടത്തിൽ നിന്ന് G7 രാജ്യങ്ങൾ പോലും അതിനെ അനുകരിച്ച് മത്സരിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് എയ്ഡ്‌ഡേറ്റയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രാഡ്ലി പാർക്സ് വിലയിരുത്തുന്നു.

















































