ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസിലെ ചാവേറായ ഉമര്‍ മുഹമ്മദ് ആക്രമണത്തിന് ഒരാഴ്ച മുമ്പ് ജമ്മുകശ്മീരിലെ കുടുംബവീട് സന്ദര്‍ശിച്ചതായി വിവരം. പുല്‍വാമയിലുള്ള വീട്ടില്‍ എത്തിയ ഉമര്‍, അവിടെവെച്ച് തന്റെ സഹോദരന് നല്‍കിയ ഫോണില്‍നിന്നാണ് ചാവേറാക്രമണങ്ങളെ പ്രകീർത്തിക്കുന്ന വീഡിയോ ലഭിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ ആക്രമണങ്ങളെ ‘രക്തസാക്ഷിത്വ പ്രവര്‍ത്തനങ്ങള്‍’ എന്ന് ഉമര്‍ വിശേഷിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതു മുതല്‍, അത് എപ്പോള്‍ ചിത്രീകരിച്ചതാണ് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യം എവിടെനിന്നാണ് ലഭിച്ചത് എന്ന കാര്യത്തില്‍ ഏറെക്കുറെ വ്യക്തത കൈവന്നിട്ടുണ്ട്.
നവംബര്‍ 10-ന്, ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതിന് ഒരാഴ്ചമുമ്പാണ് ഡോ. ഉമര്‍ പുല്‍വാമയിലെ കുടുംബവീട്ടിലെത്തിയത്. മടങ്ങുന്നതിന് മുമ്പായി തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് സഹോദരന് കൈമാറി. ശേഷം, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് ഡോ. ഉമറിന്റെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളിലായി പോലീസിന്റെ പിടിയിലാത്. ശ്രീനഗറില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള പോസ്റ്ററുകള്‍ പതിച്ചതിന് നവംബര്‍ ഏഴിന് അദീല്‍ അഹമ്മദ് റാഥറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് നവംബര്‍ ഒമ്പതിന് മുസമ്മില്‍ ഷക്കീലിനെയും പോലീസ് അറസ്റ്റുചെയ്തു. ഈ അറസ്റ്റുകളെക്കുറിച്ച് ഉമറിന്റെ സഹോദരന്‍ അറിഞ്ഞിരുന്നു. അടുത്ത ദിവസം, ഷഹീന്‍ സയീദും അറസ്റ്റിലായതോടെ ഇയാള്‍ പരിഭ്രാന്തനായി. ഒട്ടും വൈകാതെ അയാള്‍ സഹോദരന്‍ നല്‍കിയ ഫോണ്‍ പുല്‍വാമയിലെ വീടിനടുത്തുള്ള കുളത്തില്‍ വലിച്ചെറിഞ്ഞു.
‘അറസ്റ്റിലായവര്‍ തന്റെ സഹോദരന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല, പോലീസ് ഉമറിനെ തിരയുന്നുണ്ടെന്ന് കേട്ടതായും അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.’ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അവയുടെ അവസാന ലൊക്കേഷനുകള്‍ ഡല്‍ഹിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തി.
പരിശോധനകള്‍ക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവില്‍, തനിക്ക് ഒരു ഫോണ്‍ ലഭിച്ചിരുന്നെന്നും അത് കുളത്തില്‍ വലിച്ചെറിഞ്ഞെന്നും സഹോദരന്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ചാവേറാക്രമണം നടന്നതെന്നും അതിനുശേഷമാണ് ഫോണ്‍ കണ്ടെടുത്തതെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ‘വെള്ളം കയറി ഫോണിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന്റെ മദര്‍ബോര്‍ഡും തകരാറിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് ഉമറിന്റെ വീഡിയോ വീണ്ടെടുക്കാന്‍ കഴിഞ്ഞത്.’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍ ഫലാഹ് സര്‍വകലാശാലയിലെ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഉമര്‍ ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.


















































