കൊച്ചി: ഒരു നാലുവയസുകാരിക്ക് താങ്ങാൻ പറ്റുന്നതിലധികം ക്രൂരതയാണ് സ്വന്തം അമ്മ മകളോട് ചെയ്ത്. സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. തുടർന്ന് അധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോൾ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കാണുകയായിരുന്നു. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് കുട്ടിക്ക് വൈദ്യസഹായം നൽകി.
സംഭവത്തിൽ മരട് കാട്ടിത്തറ സ്വദേശിനിയായ കുട്ടിയുടെ അമ്മ അറസ്റ്റിലായി. മരട് പോലീസ് അറസ്റ്റു ചെയ്ത അമ്മയെ വൈകാതെ കോടതിയിൽ ഹാജരാക്കും. ഏറെനാളായി അമ്മ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം എന്നാണ് അയൽവാസികൾ പറയുന്നത്.
അതേസമയം അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അമ്മയുടെ മൊഴി. അമ്മ കുട്ടിയെ ഇടയ്ക്കിടെ ഉപദ്രവിച്ചിരുന്നു എന്നും ഈ മാസം 15നും 16നും ചട്ടുകം ചൂടാക്കി പൊള്ളിച്ചു എന്നും വിവരമുണ്ട്. ലോട്ടറി വിൽപ്പനക്കാരനാണ് കുട്ടിയുടെ അപ്പൂപ്പൻ. അങ്കണവാടിയിൽ ആയയാണ് അമ്മൂമ്മ. കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും ഇവരുടെ രണ്ട് ആൺമക്കളും അവരുടെ കുടുംബവും ഒരേ വീട്ടിലാണ് താമസിക്കുന്നതെങ്കിലും തമ്മിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. വെവ്വേറെയാണ് ഭക്ഷണമുണ്ടാക്കലും മറ്റും. കുട്ടി അനുസരണക്കേട് കാട്ടിയെന്നും വിലക്കിയിട്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പോയി ഇരുന്നതിനാണ് ശിക്ഷിച്ചതെന്നുമാണ് അമ്മയുടെ മൊഴി.


















































