ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധമുള്ള ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ സയീദ് എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ വിദ്യാർഥികൾ. ഡോ. ഉമർ മുഹമ്മദ് പൊതുവേ അന്തർമുഖനായിരുന്നുവെന്നും തന്റെ ക്ലാസുകളിൽ ‘താലിബാൻ മാതൃക’ നടപ്പിലാക്കിയിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യാ ടുഡേയുടെ പ്രത്യേക അന്വേഷണ സംഘം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് പിടിയിലായ ഡോക്ടർമാരുമായുള്ള തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളും ജീവനക്കാരും പങ്കുവെച്ചിട്ടുള്ളത് ഇങ്ങനെ
ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ സയീദ് എന്നീ ഡോക്ടർമാർ ഇവിടെ പഠിപ്പിച്ചിരുന്നു. ഡോ. ഉമർ മുഹമ്മദ് തന്റെ ക്ലാസ് മുറിയിൽ കർശനമായ വേർതിരിവ് സമ്പ്രദായങ്ങൾ പിന്തുടർന്നിരുന്നു. ”ഞങ്ങൾ മുസമ്മിലിനെ കണ്ടിട്ടില്ല. ഉമർ ഞങ്ങൾക്കറിയാവുന്ന അധ്യാപകനായിരുന്നു. ഞങ്ങളുടെ ബാച്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണ് ഇരുന്നിരുന്നത്. വിദ്യാർഥികൾക്ക് അതിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. അത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹം വന്ന് ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു.” ഒരു എംബിബിഎസ് വിദ്യാർത്ഥി പറഞ്ഞു.
എന്നാൽ സർവകലാശാല ജീവനക്കാരുടെ അഭിപ്രായത്തിൽ, ഉമർ അന്തർമുഖനും ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനുമായിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തെ തുടർന്ന്, അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായതായി അധികൃതർ പറയുന്നു. സ്‌ഫോടനം ആശുപത്രിയിൽ എത്തുന്ന ജനങ്ങളിൽ ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കൂടാതെ അൽ ഫലാഹ് സർവകലാശാലയിലെ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരത്തിലുള്ള അതൃപ്തിയും ചില വിദ്യാർത്ഥികൾ പ്രകടിപ്പിച്ചു. ”പഠിപ്പിക്കുന്നത് മോശമാണ്, സൗകര്യങ്ങൾ നല്ലതല്ല, പ്രാക്ടിക്കലുകൾ പോലും കൃത്യസമയത്ത് നടത്തുന്നില്ല.” ഒരു വിദ്യാർത്ഥി പറഞ്ഞു.
അതേസമയം പിടിയിലായ, അധ്യാപികയെ അവർ സ്‌നേഹത്തോടെ ഓർത്തു. ”ഞങ്ങൾ ഷഹീൻ മാഡത്തിന്റെ കീഴിലാണ് പഠിച്ചത്. അവർ വളരെ നന്നായി പഠിപ്പിക്കുമായിരുന്നു.” ‘ഡോക്ടർമാരുടെ ഭീകരസംഘ’ത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന, ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള ഡോ. ഷഹീൻ ഷാഹിദിനെക്കുറിച്ച് ഒരു വിദ്യാർത്ഥി പറഞ്ഞു.
സർവകലാശാലാ കാമ്പസിന് തൊട്ടുപുറത്ത്, അടുത്തുള്ള ഒരു റെസിഡൻഷ്യൽ കോളനിയിൽ, ഡോ. മുസമ്മിൽ സയീദ് സ്‌ഫോടനത്തിന് മുൻപ് രണ്ട് മുറികൾ വാടകയ്ക്ക് എടുത്തിരുന്നു. മുറികൾ ലഭിക്കുന്നതിനായി അദ്ദേഹം തങ്ങളോട് കള്ളം പറഞ്ഞുവെന്നും പിന്നീട് സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ അവ ഉപയോഗിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. ”സെപ്റ്റംബർ 13-നാണ് മുസമ്മിൽ ഒരു മുറി എടുക്കാൻ എന്റെയടുത്ത് വന്നത്. തനിച്ചാണ് താമസിക്കുന്നതെങ്കിൽ 1200 രൂപയും കുട്ടികളോടൊപ്പമാണെങ്കിൽ 1500 രൂപയും ആകും എന്ന് ഞാൻ പറഞ്ഞു. മുറി കണ്ട് ഇഷ്ടപ്പെട്ട അയാൾ രാത്രി ഒമ്പത് മണിയോടെ എത്തി ലഗേജ് വെച്ചു. അയാളുടെ പേരും ഫോൺനമ്പറും വാങ്ങിയ ശേഷം ഞാൻ താക്കോൽ കൊടുത്തു. രണ്ട് മാസത്തെ വാടക മുൻകൂറായി വെച്ചോളൂ എന്നുപറഞ്ഞ് അയാൾ എനിക്ക് 2400 രൂപ തന്നു. അതിനുശേഷം അയാൾ തിരികെ വന്നിട്ടില്ല.” കെട്ടിട ഉടമ പറയുന്നു.
അതേസമയം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ എങ്ങനെയാണ് അക്കാദമിക് ജീവിതവുമായി ഇടകലർന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ പ്രവർത്തിച്ചതെന്ന് അധികൃതർ അന്വേഷിച്ചുവരികയാണെന്നും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് നിരീക്ഷണത്തിൽ തുടരുകയാണ്. ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ചുരുളഴിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു

















































