ഇസ്ലാമാബാദ്: പ്രകോപനപരമായ അവകാശവാദവുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വീണ്ടും രംഗത്ത്. ഇന്ത്യയ്‌ക്കെതിരെയും താലിബാനെതിരെയും യുദ്ധം ചെയ്യാൻ തങ്ങളുടെ രാജ്യം പൂർണമായും സജ്ജമാണ് എന്നാണ് ഖ്വാജ ആസിഫിന്റെ അവകാശവാദം.
“ഞങ്ങൾ കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ യുദ്ധത്തിന് സജ്ജമാണ്. ആദ്യ റൗണ്ടിൽ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കും”, കിഴക്ക് വശത്തുള്ള ഇന്ത്യയേയും പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനേയും പരാമർശിച്ച് ഖ്വാജ ആസിഫ് പ്രസ്താവിച്ചു. ഒരു പൊതുപരിപാടിയിലായിരുന്നു ഖ്വാജയുടെ പ്രസ്താവന.
ചൊവ്വാഴ്ച ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പരാമർശം. പാകിസ്താനി താലിബാൻ (ടിടിപി) ഈ ചാവേറാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ പിന്തുണയോടെ സജീവമായ ഗ്രൂപ്പുകൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആരോപിച്ചപ്പോൾ, ബോംബാക്രമണത്തിലൂടെ താലിബാൻ സന്ദേശം നൽകുകയായിരുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.
“അഫ്ഗാനിലെ ഭരണാധികാരികൾക്ക് പാകിസ്താനിലെ ഭീകരവാദം തടയാൻ കഴിയും, എന്നാൽ ഈ യുദ്ധം ഇസ്ലാമാബാദ് വരെ എത്തിച്ചത് താലിബാനിൽ നിന്നുള്ള ഒരു സന്ദേശമാണ്, അതിന് മറുപടി നൽകാൻ പാകിസ്താന് സമ്പൂർണശേഷിയുണ്ട്,” എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖ്വാജ പറഞ്ഞു.
ഡൽഹിയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള വിവാദപരാമർശങ്ങൾക്ക് പിന്നാലെയാണ് ആസിഫിൻ്റെ പുതിയ പ്രസ്താവനകൾ. സ്ഫോടനത്തെ ഗ്യാസ് സിലിണ്ടർ സ്ഫോടനം മാത്രമാണെന്ന് ഖ്വാജ വിശേഷിപ്പിക്കുകയും ഇന്ത്യ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ശ്രദ്ധ തിരിക്കാനുള്ള നിരാശാജനകമായ ശ്രമം എന്ന് ഈ ആരോപണത്തെ ഇന്ത്യൻ അധികൃതർ തള്ളിക്കളഞ്ഞു.

















































