ന്യൂഡൽഹി: ക്യത്യമായ പ്ലാൻ, നന്നായി റിസേർച്ച് നടത്തിയ ഒരു ഓപ്പറേഷൻ അതായിരുന്നു ഡൽഹിയിലെ സ്ഫോടനം. വളരെ സാവധാനത്തിലെത്തിയ I 20 കാർ നിർത്തിയയുടൻ പൊട്ടിത്തെറിക്കുന്നു. കാറിനുള്ളിൽ ആളുകളുമുണ്ടായിരുന്നുവെന്ന് പോലീസ്. ബോംബുമായി കാറിലെത്തിയതാണോ, അതോ കാറിനുള്ളിലുള്ള വ്യക്തികൾ അറിയാതെ വച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതവരണമെങ്കിൽ ഇനിയും അന്വേഷണങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ തെരുവുവിളക്കുകൾ തകർന്നു. കാറുകൾ 150 മീറ്റർ അകലേക്കുവരെ തെറിച്ചുപോയതായി ദൃക്സാക്ഷികൾ പറയുന്നു. 20 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഇതോടെ ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സ്‌ഫോടനത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ മീറ്ററുകൾ അകലെ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ഗ്ലാസുകളടക്കം തകർന്നിട്ടുണ്ട്. ഭീകരവിരുദ്ധ ഏജൻസിയായ എൻഐഎയുടെയും ദേശീയ സുരക്ഷാ ഗാർഡിന്റെയും (എൻഎസ്ജി) സംഘങ്ങൾ സ്‌ഫോടന സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്. കൂടാതെ ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.


















































