ബെംഗളൂരു: ആർഎസ്എസ് വ്യക്തികളുടെ സംഘമാണ്. തങ്ങള്‍ക്ക് രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് സംഘടനാ മേധാവി മോഹൻ ഭാഗവത്. ആർഎസ്എസ് ആരംഭിച്ചത് 1925-ലാണ്. അന്ന് ബ്രിട്ടീഷ് സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നുവോയെന്ന് ചോദിച്ച മോഹൻ ഭാഗവത് സ്വാതന്ത്ര്യം നേടിയതിനു ശേഷം രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടില്ലെന്നും വിശദീകരിച്ചു. ആർഎസ്എസ് അംഗീകരിക്കപ്പെട്ട സംഘടനയാണ്.
മൂന്നുതവണ സർക്കാർ ആർഎസ്എസിനെ നിരോധിച്ചിട്ടുണ്ട്. അംഗീകരിക്കപ്പെടാത്ത സംഘടനയായിരുന്നെങ്കിൽ എങ്ങനെ നിരോധിക്കാൻ സാധിക്കുമെന്നും മോഹൻ ഭാഗവത് ചോദിച്ചു. വ്യക്തികളുടെ സംഘമെന്നാണ് കോടതികൾ ആർഎസ്എസിനെ വിശേഷിപ്പിക്കുന്നത്. ആദായനികുതി വകുപ്പ് തങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുധർമവും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറഞ്ഞു. സംഘത്തിന് ജാതിയും മതവുമില്ലെന്നും ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി രണ്ടുദിവസമായി നടത്തിയ ചടങ്ങിൽ പങ്കെടുത്ത ഭാഗവത് വിശദീകരിച്ചു.
മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ആർഎസ്എസിൽ ചേരാം. ഭാരതാംബയുടെ മക്കളാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി. സംഘത്തിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകമായ അടുപ്പമില്ല. എന്നാൽ, ശരിയായ നയങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


















































