ടെൽ അവീവ്: ഗാസയിൽനിന്നുള്ള ഒട്ടേറെ പലസ്തീൻ തടവുകാരെ പ്രാകൃതമായ രീതിയിൽ വെട്ടവും വെള്ളവും കിട്ടാത്ത ഭൂഗർഭ ജയിലിൽ ഇസ്രയേൽ തടവിൽ പാർപ്പിക്കുന്നതായി റിപ്പോർട്ട്. ഭൂഗർഭ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുന്ന തടവുകാർക്ക് പകൽവെളിച്ചംപോലും നിഷേധിക്കുന്നതായി ഇസ്രയേലിലെ പീഡനത്തിനെതിരായ പൊതുസമിതി (പബ്ലിക് കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചർ ഇൻ ഇസ്രയേൽ- പിസിഎടിഐ) കണ്ടെത്തി.
ഇവിടെ നഴ്സുമാരും വിൽപ്പനക്കാരും ഉൾപ്പെടെ ഒട്ടേറെ തടവുകാരെ കുറ്റം ചുമത്തുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ മാസങ്ങളായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ജനലുകളില്ലാത്ത, പരിമിതമായ വായുസഞ്ചാരമുള്ള, എപ്പോഴും ഇലക്ട്രിക് വെളിച്ചം മാത്രമുള്ള സെല്ലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും പുറംലോകത്തുനിന്നുള്ള വാർത്തകൾ ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അഭിഭാഷകർ പറയുന്നു.
കൂടാതെ പകൽ വെളിച്ചം, കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം, അഭിഭാഷകരുടെ സഹായം എന്നിവ തടവുകാർക്ക് നിഷേധിക്കപ്പെടുന്നു. ‘റാക്കെഫെറ്റ് ജയിൽ’ എന്നറിയപ്പെടുന്ന ഈ ഭൂഗർഭ കേന്ദ്രം സൈനിക അധികാരത്തിന് കീഴിൽ ഗാസ തടവുകാരെ പൂർണ്ണമായും ഒറ്റപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവർത്തകരെയും സാധാരണക്കാരെയും മോചിപ്പിക്കാൻ മധ്യസ്ഥരിൽനിന്ന് ഇസ്രായേൽ കടുത്ത സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ വെളിപ്പെടുത്തലുകൾ.
പലസ്തീൻ തടവുകാരോടുള്ള ഇത്തരത്തിലുള്ള സമീപനം നിയമവിരുദ്ധമായ തടങ്കലും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും വിലക്കുന്ന ജനീവ കൺവെൻഷനുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ ഇസ്രയേൽ വിസമ്മതിക്കുന്നതും രാജ്യത്തെ നിയമവൃത്തങ്ങളിൽ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇസ്രയേൽ പ്രിസൺ സർവീസിന്റെ മേൽനോട്ടത്തിന് പുറത്ത്, അടിയന്തരാവസ്ഥാ നിയമങ്ങൾ പ്രകാരം സൈന്യമാണ് ഈ ഭൂഗർഭ കേന്ദ്രം നിയന്ത്രിക്കുന്നതെന്ന് മുൻ തടവുകാരും അഭിഭാഷകരും മന്യുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെടുന്നു.
ഇത്തരത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ആയിരക്കണക്കിന് പലസ്തീനികളെ ഇസ്രയേൽ തടവിലാക്കിയിട്ടുണ്ട്. കുറ്റം ചുമത്താതെ ആറുമാസത്തേക്ക് തടവിലിടാനും പിന്നീട് ഇത് പുതുക്കാനും അനുവദിക്കുന്ന ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ’ പ്രകാരമാണ് പലരെയും പിടികൂടിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. എല്ലാ തടങ്കൽ കേന്ദ്രങ്ങളിലും അന്താരാഷ്ട്ര പരിശോധന അനുവദിക്കണമെന്ന് അവർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും, പകൽ വെളിച്ചമോ വിചാരണയോ ഇല്ലാതെ സാധാരണക്കാരെ തടവിലിടുന്നത് അടിസ്ഥാന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് സംഘടനകൾ പറയുന്നു.


















































