തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ 48കാരന്‍ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സ രേഖ പുറത്ത് വന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖയാണ് പുറത്ത് വന്നത്.
വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നുവെന്ന് ചികിത്സാരേഖ തെളിയിക്കുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊല്ലം പൻമന സ്വദേശി വേണു (48) മരിച്ചത്. അടിയന്തര ആൻജിയോഗ്രാം നടത്തേണ്ട വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണ് വേണുവിന്‍റെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിട്ടുണ്ട്.


















































