കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി (66 അറസ്റ്റിൽ. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിലായ റോസിലി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലു മണിയോടെ കുഞ്ഞിന്റെ മൃതദേഹംഎടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് പോലീസ് ഇന്നലെ തന്നെ സ്ഥിരീകരിക്കുകയും കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നു രാവിലെ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ലെന്നാണ് വിവരം. ആരോഗ്യനില മോശമായി തുടരുകയാണെങ്കിൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാക്കിയേക്കും.
ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡൽന മരിയ സാറ. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്കു വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്
അതേസമയം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അനക്കമറ്റ നിലയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയൽവാസികളടക്കം ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവവികാസങ്ങൾ നടക്കുമ്പോൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

















































