ന്യൂഡൽഹി: സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാൻ അധികാരമുള്ള ഇന്ത്യയുടെ ചെറുനീക്കം പോലും പാക്കിസ്ഥാനെ കൊടീയ വരൾചയിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് പാക്കിസ്ഥാനിലെ കൃഷിയുടെ 80 ശതമാനവും നിലനിൽക്കുന്നത്. ജലമൊഴുക്ക് തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ വലിയ അപകടത്തിലേക്കാണ് പാക്കിസ്ഥാൻ നീങ്ങുകയെന്ന് സിഡ്നി കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസിന്റെ ഈ വർഷത്തെ പരിസ്ഥിതി ഭീഷണി റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാന് കുനാർ നദിയിലെ വെള്ളം തടഞ്ഞുകൊണ്ട് പുതിയ ഡാം നിർമിക്കാൻ കഴിഞ്ഞയാഴ്ച അഫ്ഗാനിലെ താലിബാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനുമായി സിന്ധുനദീജലം പങ്കിടാനുള്ള 1960ലെ കരാർ റദ്ദാക്കിയത്. കരാർ പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവെക്കേണ്ടിയിരുന്നു.
ഇന്ത്യയ്ക്ക് ഈ നദികളിലെ ഒഴുക്ക് പൂർണമായി തടയാനോ വഴിതിരിച്ചുവിടാനോ സാധ്യമല്ലെങ്കിലും കാർഷിക സീസണിൽ അത്തരത്തിലുള്ള ചെറിയ നീക്കങ്ങൾ പോലും പാക്കിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെറും 30 ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചു വയ്ക്കാൻ മാത്രമേ പാക്കിസ്ഥാനിലെ ഡാമുകൾക്ക് ശേഷിയുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
















































