മുംബൈ: നഗരത്തിലെ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളേയും പോലീസ് രക്ഷപ്പെടുത്തി. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. പൊവയിലെ ആർഎ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിൽ രാവിലെയാണ് രോഹിത് ആര്യ കുട്ടികളെ ബന്ദിയാക്കിയത്. വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു.
ഇതോടെ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ രോഹിത് ആര്യയ്ക്കു വെടിയേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതമായി രക്ഷിതാക്കൾക്കൊപ്പം വിട്ടതായി മുംബൈ പോലീസ് പറഞ്ഞു.
അതേസമയം പ്രതി മാനസികരോഗിയാണോയെന്നു സംശയിക്കുന്നതായി പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികൾ ഉപദ്രവിക്കപ്പെട്ടാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. രോഹിത് ആര്യയുടെ കയ്യിൽ എയർ ഗൺ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
VIDEO | Mumbai: Police rescue over 20 children who were held hostage inside a flat in Powai area. The suspect, who identified himself as Rohit Arya has been arrested, as per the officials.
(Source: Third Party) pic.twitter.com/EsQRqDuISi
— Press Trust of India (@PTI_News) October 30, 2025
 
			
































 
                                






 
							







