തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ തുടക്കം മുതൽ കടുത്ത നിലപാടുകളെടുത്ത സിപിഐയുടെ ഉപാധിക്ക് മുന്നിൽ സിപിഎം വഴങ്ങുന്നുവെന്നു സൂചന. ഇതിന്റെ ഭാഗമായി പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകുമെന്നാണ് വിവരം. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെയ്ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. രാവിലെ നടന്ന അടിയന്തര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു.
പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകണമെന്നാണ് സിപിഐ വച്ചിരുന്ന ഉപാധി. എന്നാൽ ഇതിനോട് പൂർണമായി യോജിക്കാത്ത സർക്കാർ ഇളവ് ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, സിപിഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് അനുനയന നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎമ്മിന്റേതെന്നാണ് വിലയിരുത്തൽ.
ഇനി ഇതിനോടു സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം. കാരണം പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടിലാണ് സിപിഐകൈക്കൊണ്ടിട്ടുള്ളത്. വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാർട്ടി കരുതുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സംസാരിച്ചിരുന്നു.















































