വാഷിങ്ടൺ: വിളിച്ചുവരുത്തി അപമാനിച്ച കാനഡയ്ക്ക് എട്ടിന്റെ പണികൊടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതായി അറിയിപ്പ്. കനേഡിയൻ പ്രവിശ്യയായ ഒണ്ടേറിയോയിലെ ഭരണകൂടം പ്രകോപനപരമായ പരസ്യം പുറത്തിറക്കുകയും ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ തീരുവയെ എതിർത്തും സ്വതന്ത്രവ്യാപാരത്തെ അനുകൂലിച്ചും സംസാരിക്കുന്നതാണ് പരസ്യത്തിലുണ്ടായിരുന്നത്.
പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ കാനഡയുടെ നടപടി അങ്ങേയറ്റം മോശമാണെന്നും പരസ്യത്തിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. തുടർന്നു കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം, ഇതിന് പിന്നാലെയാണ് കാനഡയ്‌ക്കെതിരെ 10 ശതമാനം തീരുവ ഉയർത്തുന്നതായി അറിയിച്ചത്. അതേസമയം വ്യാപാര ചർച്ചകൾ അവസാനിപ്പിക്കാൻ ട്രംപ് തീരുമാനിച്ചതോടെ കനേഡിയൻ സർക്കാർ പരസ്യം പിൻവലിച്ചിരുന്നു. കാനഡയുടെ പരസ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപക വിമർശനവും ഉയരുന്നുണ്ട്.
അതേസമയം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പരസ്യം പിൻവലിക്കുന്നു എന്ന് വ്യക്തമാക്കി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തിയിരുന്നു. പക്ഷെ പരസ്യം ഉടൻ തന്നെ പിൻവലിക്കേണ്ടതായിരുന്നെന്നും വസ്തുതാവിരുദ്ധമെന്ന് അറിഞ്ഞിട്ടും കഴിഞ്ഞ ദിവസം രാത്രി വേൾഡ് സീരീസിനിടെ അത് പ്രദർശിപ്പിച്ചുവെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ കുറിച്ചു. വസ്തുതകളെ വളച്ചൊടിക്കുന്ന സംഭവങ്ങൾ ചിത്രീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തതിനാൽ കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇതിനിടെ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ കാനഡ തയ്യാറെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുടെ വാണിജ്യ വകുപ്പോ വൈറ്റ്ഹൗസോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലായെന്നാണ് റിപ്പോർട്ട്.















































