സിംഗപ്പുർ: ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ പുരുഷ സന്ദർശകനെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ നഴ്സിന് സിംഗപ്പൂരിൽ തടവുശിക്ഷ. യുവാവിന്റെ പരാതിയിൽ ഇയാൾക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തി, ഒരു വർഷവും രണ്ട് മാസം തടവും ചൂരലടിയും ശിക്ഷ വിധിച്ചു.
കഴിഞ്ഞ ജൂൺ21നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 34-കാരനായ എലിപെ ശിവ നാഗു ആണ് രോഗിയെ സന്ദർശിക്കാനെത്തിയ പുരുഷനെ ശൗചാലയത്തിൽവെച്ച് പീഡിപ്പിച്ചത്. കൈകൾ അണുവിമുക്തമാക്കുന്നു എന്ന് പറഞ്ഞാണ് ഇയാൾ ഇരയെ പീഡിപ്പിച്ചതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതേസമയം ഇരയുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ കോടതി രേഖകളിൽ രഹസ്യമാക്കി.
അതേസമയം ജൂൺ 18-ന് വൈകുന്നേരം 7.30 ഓടെ സിംഗപ്പുരിലെ റഫ്ൾസ് ആശുപത്രിയിലാണ് സംഭവം. തന്റെ മുത്തച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ഇരയായ പുരുഷൻ. ഇവിടെ വെച്ച് രോഗികൾ ഉപയോഗിക്കുന്ന ശൗചാലയത്തിൽ കയറി. ഇവിടേക്ക് പുരുഷ നഴ്സായ എലിപെ ശിവ നാഗുവു കൂടെച്ചെന്നു. തുടർന്ന് കൈ അണുവിമുക്തമാക്കാനെന്ന വ്യാജേന ഇരയുടെ കൈയിൽ സോപ്പ് തേച്ച് പിടിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ യൂജിൻ ഫുവ പറഞ്ഞു.
നഴ്സിന്റെ പീഡനത്തിന് ഇരയായ പുരുഷൻ ആകെ സ്തംഭിച്ചുപോയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. തുടർന്ന് ശൗചാലയത്തിൽ നിന്ന് തിരിച്ചിറങ്ങിയ ശേഷം മുത്തച്ഛനടുത്തേക്ക് മടങ്ങിയ ഇരയായ പുരുഷൻ വിവരം പറയുകയായിരുന്നു.














































