കൊച്ചി: സിപിഐയേക്കാൾ സിപിഎമ്മിന് വലുതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിഎം ശ്രീയിൽ ഒപ്പുവച്ച രീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നാണക്കേട് സഹിച്ച് എൽഡിഎഫിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐയാണെന്നും വിഡി സതീശൻ. അതേസമയം സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അവർക്ക് അവരുടെ ക്രെഡിബിലിറ്റി ഉണ്ടല്ലോ. അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും. ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ?’’
അതുപോലെ സർക്കാർ ഇരട്ടത്താപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. പുറത്ത് ഒന്നു പറയുകയും അകത്ത് മറ്റൊന്നു ചെയ്യുകയുമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഏതു തരത്തിലുള്ള രാഷ്ട്രീയ സമ്മർദമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കു മേലുണ്ടായതെന്നു വ്യക്തമാക്കണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിൽ ഉറച്ച തീരുമാനമായിരുന്നു സിപിഎമ്മിന്. എന്നാൽ ഒറ്റയടിക്ക് അതിൽനിന്നു പിന്നാക്കം പോകാനുള്ള കാരണം എന്താണെന്നും സതീശൻ ചോദിച്ചു.
അതേസമയം കേന്ദ്ര സർക്കാരിൽനിന്നു പണം വാങ്ങുന്നതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് ആർഎസ്എസിന്റെ അജൻഡ അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നത്. വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്ര നയങ്ങൾ സംസ്ഥാനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് കോൺഗ്രസ് നിലപാട്. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെയൊക്കെ എതിർത്ത് വീരവാദം മുഴക്കിയവരാണ് ഇപ്പോൾ ഒരെതിർപ്പും ഇല്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചിരിക്കുന്നത് എന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞതിനു വിരുദ്ധമായ തീരുമാനമല്ലേ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.
















































