തിരുവനന്തപുരം: നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. മുൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്.
അതേ സമയം, പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയിൽ സിപിഐ കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത്.
പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും.
















































