ന്യൂഡൽഹി: ഈ ആഴ്ച അവസാനം നടക്കുന്ന ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസ്) ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാലാലംപൂരിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്. പകരം വെർച്വലായി പങ്കെടുക്കും. ഇതോടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചാ അഭ്യൂഹങ്ങൾക്കും വ്യാപാരക്കരാറിനുള്ള സാധ്യതകളും മങ്ങി. ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യ- യുഎസ് വ്യാപാര കരാർ ആസിയാനിൽവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഒപ്പുവെക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ‘വരും ആഴ്ചകളിൽ’ മോദിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. തീരുവ വിവാദത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകൾക്ക് ശേഷം അത് പുനഃസ്ഥാപിക്കാൻ നോക്കുന്നതിനിടെയായിരുന്നു ഈ പ്രസ്താവന. ഇതോടെ ഇത് ഇരു നേതാക്കളും ആസിയാൻ ഉച്ചകോടിയിൽ കണ്ടുമുട്ടുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു.
‘എന്റെ പ്രിയ സുഹൃത്തും മലേഷ്യൻ പ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. മലേഷ്യയുടെ ആസിയാൻ അധ്യക്ഷസ്ഥാനത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു… ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നു’, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
അതേസമയം 2014 മുതൽ 2019 വരെ എല്ലാ വർഷവും പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി മോദി വാർഷിക ഉച്ചകോടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോവിഡ്-19 മഹാമാരി കാരണം 2020, 2021 വർഷങ്ങളിലെ ഉച്ചകോടികൾ വെർച്വലായിട്ടാണ് നടന്നത്. ഇതിനിടെ 2022-ൽ മാത്രമാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത്. മലേഷ്യയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ, ആസിയാൻ ഉച്ചകോടിക്കിടെ മോദിയും ട്രംപും കണ്ടുമുട്ടുമെന്നും വ്യാപാര, താരിഫ് പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, മോദി വെർച്വലായി പങ്കെടുക്കാൻ തീരുമാനിച്ചതോടെ, ഈ വർഷം യുഎസ് പ്രസിഡന്റിനെ കാണാൻ മറ്റൊരു അവസരം ഉണ്ടാകണമെന്നില്ല.
‘മോദി പോകാത്തതിന് കാരണം ലളിതമാണ്. പ്രസിഡന്റ് ട്രംപിനാൽ ഒറ്റപ്പെടുത്തപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല… ‘ബച്‌കെ രെ രെഹ്നാ രെ ബാബാ, ബച്‌കെ രെഹ്നാ രെ’ എന്ന പഴയ ബോളിവുഡ് ഹിറ്റ് ഗാനം പ്രധാനമന്ത്രി ഓർക്കുന്നുണ്ടാകാം.’ കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ‘സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് ട്രംപിനെ പുകഴ്ത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒരു കാര്യമാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂർ താൻ നിർത്തിയെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഞ്ച് തവണ അവകാശപ്പെടുകയും ചെയ്ത ആളുമായി നേരിട്ട് ഇടപെടുന്നത് മറ്റൊരു കാര്യമാണ്. അത് വളരെ അപകടകരമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.