പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ‘തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,’ഹോട്ടൽ മൗര്യയിൽ നടന്ന സംയുക്ത സമ്മേളനത്തിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട് കോൺഗ്രസ് പിന്നീട് യോജിക്കുകയായിരുന്നു. മഹാസഖ്യത്തിന്റെ മുഖം താനാണെന്ന തരത്തിലുള്ള തേജസ്വി യാദവിന്റെ പ്രസ്താവന മുന്നണിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് മുന്നോട്ടു പോകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം.
അതേസമയം നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. ഇതിനിടം ബിഹാറിൽ സജീവമായ എൻഡിഎ, സ്ഥാനാർത്ഥികളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് ബിഹാറിലെത്തും. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.