ബെംഗളൂരൂ: രാഹുൽ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണം ശരിവയ്ക്കുന്ന വിധം എസ്ഐടി റെയ്ഡ്. കർണാടകയിലെ ആലന്ദ് നിയമസഭാ സീറ്റിൽ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടർ പട്ടികയിലെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ് നടത്തുന്നത്. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാരിന്റെ നേതൃത്വത്തിൽ വോട്ടർമാരെ ഒഴിവാക്കുന്നതിനായി ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ നൽകിയിരുന്നതായി കർണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ ആലന്ദ് സീറ്റിൽ ഇത്തരത്തിൽ 6,018 അപേക്ഷകളാണ് സമർപ്പിച്ചത്. ഇതിനായി ആകെ 4.8 ലക്ഷം രൂപയുടെ പണമിടപാട് നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വോട്ട് മോഷണം ആരോപണത്തിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന കേസുകളിൽ ഒന്നാണ് ആലന്ദിലേത്. 2023-ൽ ആലന്ദിൽ കോൺഗ്രസിലെ ബി.ആർ പാട്ടിലിനോട് പരാജയപ്പെട്ട ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് കഴിഞ്ഞ ആഴ്ച എസ്ഐടി റെയ്ഡുകൾ നടത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 26-നാണ് എസ്ഐടി ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. ആദ്യം പ്രാദേശിക പോലീസും പിന്നീട് സിഐഡി സൈബർ ക്രൈം യൂണിറ്റും അന്വേഷിച്ച ഈ കേസിൽ വ്യജ അപേക്ഷകൾ സമർപ്പിച്ച സ്ഥലം കലബുറഗി ജില്ലാ ആസ്ഥാനത്തുള്ള ഒരു ഡാറ്റാ സെന്ററാണെന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് അഷ്ഫാഖ് എന്ന വ്യക്തിയിലേക്കാണ് അന്വേഷണം പ്രധാനമായും വിരൽ ചൂണ്ടുന്നത്.
അതേസമയം 2023-ൽ ചോദ്യം ചെയ്തപ്പോൾ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം അഷ്ഫാഖ് ദുബായിലേക്ക് കടന്നിരുന്നു.ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡുകളും അഷ്ഫാഖിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളും പരിശോധിച്ചതിൽ ഇയാൾ തന്റെ കൂട്ടാളികളുമായി ഇന്റർനെറ്റ് കോളുകൾ വഴി ബന്ധപ്പെട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ, കലബുറഗി മേഖലയിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനായി ഒരു ഡാറ്റാ സെന്റർ പ്രവർത്തിച്ചതിനും ഓരോ ഒഴിവാക്കലിനും 80 രൂപ വീതം നൽകിയതിനും തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്.
മാത്രമല്ല മുഹമ്മദ് അക്രമും അഷ്ഫാഖും ചേർന്നാണ് ഡാറ്റാ സെന്റർ നടത്തിയിരുന്നതെന്നും മറ്റുള്ളവർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കണ്ടെത്തലുകളെത്തുടർന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗുട്ടേദാറിന്റെയും മക്കളുടെയും ഇവരുടെ ചാർട്ടേഡ് അക്കൗണ്ടന്റായ മല്ലികാർജുൻ മഹന്തഗോളിന്റെയും വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും അന്വേഷണം സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന്ഏഴിലധികം ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും നൽകിയ പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ അലന്ദിലെ വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്താനുള്ള അപേക്ഷകൾ നൽകുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കോഴി ഫാം തൊഴിലാളിയുടെയും പോലീസുകാരുടെ ബന്ധുക്കളുടെയും അടക്കം 75 മൊബൈൽ നമ്പറുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. വോട്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷകൾ നൽകാൻ ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ വ്യാജ വിവരങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിൽ എങ്ങനെ പ്രവേശനം നേടിയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.