പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ വിശദീകരണവുമായി കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ. ‘എച്ച്’ മാർക്കിൽ ഹൈലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണ്. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. അതേസമയം മാധ്യമ വാർത്തകൾ തെറ്റാണെന്നും എംഎൽഎ പ്രതികരിച്ചു.
‘‘ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോൺക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ ഉയർത്തുന്നതിനു പ്രശ്നമുണ്ടോ? ഇനി കോൺക്രീറ്റ് ഇത്തിരി താഴ്ന്നെന്നു വയ്ക്കുക. ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്’’–ജനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്.
മാത്രമല്ല നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇത് ഉറയ്ക്കാത്ത കോൺക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. അതിനാൽ ഹെലികോപ്റ്റർ തള്ളിനീക്കേണ്ടി വന്നു. നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയതെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.