വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബുദാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച നിർത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുടിനുമായി ബുദാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതായും അതിനാൽ ഇരുവരും തമ്മിൽ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ടുമാസം മുൻപ് അലാസ്‌കയിൽവെച്ചാണ് ട്രംപും പുടിനും തമ്മിൽ അവസാനം കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരുനേതാക്കളുടെയും അവകാശവാദം. എന്നാൽ കൂടിക്കാഴ്ച റദ്ദാക്കിയതോടെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ ഇരു നേതാക്കൾക്കും കഴിഞ്ഞില്ലെന്ന കാര്യം വ്യക്തമാണ്.
കാരണം അലാസ്‌കയിലെ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ബുദാപെസ്റ്റിൽ പ്രതീക്ഷിച്ചിരുന്നത്. ഇതിനുമുന്നോടിയായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയും റഷ്യൻ വിദേശകാര്യ മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും ബുദാപെസ്റ്റിലെ ഉച്ചകോടിക്ക് അത് അടിത്തറയിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ സാധ്യതകളെല്ലാം മങ്ങിയതായാണ് നിലവിൽ വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

















































