കണ്ണൂർ: തളിപ്പറമ്പിൽ കോടതി വധക്കേസിന്റെ നടപടികൾ മൊബൈലിൽ ചിത്രീകരിച്ച സംഭവത്തിൽ സിപിഎം നേതാവിന് 1000 രൂപ പിഴ ചുമത്തി ഉത്തരവ്. കൂടാതെ കോടതി പിരിയും വരെ കോടതിയിൽ നിൽക്കാനും ഉത്തരവിട്ടു. സിപിഎം നേതാവും മുൻ നഗരസഭ ചെയർപേഴ്‌സണുമായ കെ പി ജ്യോതി കോടതി നടപടികൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയായിരുന്നു സംഭവം. പയ്യന്നൂരിലെ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെ സാക്ഷി വിസ്താരം നടക്കുമ്പോളാണ് പ്രതിചേർക്കപ്പെട്ടവരുടെ ദൃശ്യം ജ്യോതി പകർത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. ആദ്യം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ശിക്ഷ പിഴയിലും മാപ്പപേക്ഷയിലും ഒതുക്കുകയായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കരുതെന്നും മരിച്ചവരോട് ബഹുമാനം കാണിക്കണമെന്നും കോടതി ജ്യോതിയോട് പറഞ്ഞു.
2016 ജൂലൈ 11നാണ് പയ്യന്നൂർ കാരന്താട്ട് സ്വദേശിയായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 20 പ്രതികളാണുള്ളത്. കേസിൽ ഒന്നാം സാക്ഷിയെ വിസ്തരിച്ച ശേഷം മറ്റ് പ്രതികളെ വിസ്താരം ചെയ്യുമ്പോളായിരുന്നു ജ്യോതി തന്റെ മൊബൈൽ ഫോണിൽ കോടതിയിലെ ദൃശ്യങ്ങൾ പകർത്തിയത്. ജ്യോതി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് ജഡ്ജിന്റെ ശ്രദ്ധിയിൽപെട്ടതോടെയാണ് നടപടി സ്വീകരിച്ചത്.