ബംഗളൂരു: ഓല ഇലക്ട്രിക്‌സിലെ എന്‍ജിനീയര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഒല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ അടക്കം രണ്ടുപേര്‍ക്കെതിരേ കേസെടുത്ത് പോലീസ്. 2022 മുതല്‍ ഒലയില്‍ ഹോമോലോഗേഷന്‍ എന്‍ജിനീയറായി ജോലിചെയ്തുവന്നിരുന്ന കെ. അരവിന്ദാണ് (38) മരിച്ചത്. സെപ്റ്റംബര്‍ 28-ന് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയില്‍ അരവിന്ദിനെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്നേ ദിവസം തന്നെ മരിച്ചു. അരവിന്ദിന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സഹോദരന് 28 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിക്കുന്നത്.
അതില്‍ ഭവിഷ് അഗര്‍വാള്‍, ഒലയിലെ ഉദ്യോഗസ്ഥനായ സുബ്രത് കുമാര്‍ ദാസ് എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇരുവരും മാനസികമായി പീഡിപ്പിച്ചുവെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചതായും കുറിപ്പില്‍ പറയുന്നു. കടുത്ത സമ്മര്‍ദത്തിലൊടുവിലാണ് ഇത്തരം ഒരു തീരുമാനമെടുക്കുന്നതെന്നും അരവിന്ദ് കുറിച്ചിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് അരവിന്ദിന്റെ സഹോദരന്റെ പരാതിയില്‍ ഒക്ടോബര്‍ ആറാം തീയതി ഭവിഷ് അഗര്‍വാള്‍, സുബ്രത് കുമാര്‍ ദാസ് എന്നിവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു.
മേലധികാരികളില്‍ നിന്നുള്ള നിരന്തരമായ പീഡനം, അപമാനം, സാമ്പത്തിക ചൂഷണം എന്നിവയാണ് അരവിന്ദിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അരവിന്ദ് മരിച്ച് രണ്ടു ദിവസത്തിനു ശേഷം അരവിന്ദിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 17,46,313 രൂപ എത്തിയത് ദൂരൂഹമായി. ഈ ഇടപാടിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി അരവിന്ദിന്റെ സഹോദരന്‍ ഒലയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോള്‍ സുബ്രത് കുമാര്‍ ദാസ് അവ്യക്തമായ മറുപടികളാണ് നല്‍കിയതെന്ന് സഹോദരന്‍ പറയുന്നു.