ലഖ്നൗ: ദീപാവലിയെയും ക്രിസ്മസിനെയും കുറിച്ചുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച് പി) ദേശീയ വക്താവ് വിനോദ് ബൻസാൽ. അഖിലേഷിന്റെ പ്രസ്താവന സനാതന വിരുദ്ധ മാനസികാവസ്ഥയാണ് പ്രകടമാക്കുന്നതെന്നും അഖിലേഷിന് വേണമെങ്കിൽ വത്തിക്കാനിൽ പോയി ക്രിസ്മസ് ആഘോഷിക്കണമെന്നും ബൻസാൽ പറഞ്ഞു. ശനിയാഴ്ച അഖിലേഷ് യാദവ് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബൻസാൽ വിമർശനവുമായെത്തിയത്.വിദേശത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് പഠിക്കണമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ലോകം മുഴുവൻ എല്ലാ നഗരങ്ങളും ക്രിസ്മസ് കാലത്ത് ദീപാലംകൃതമാകും. അത് മാസങ്ങളോളം തുടരും എന്നും പറഞ്ഞിരുന്നു. “എന്തിനാണ് നമ്മൾ വിളക്കുകൾക്കും മെഴുകുതിരികൾക്കുമായി പണം ചെലവഴിക്കുകയും അതിനെക്കുറിച്ച് ഇത്രയധികം ചിന്തിക്കുകയും ചെയ്യുന്നത്? ഈ സർക്കാരിൽ നിന്ന് നമുക്ക് എന്താണ് പ്രതീക്ഷിക്കാൻ സാധിക്കുന്നത്? ഈ സർക്കാരിനെ പുറത്താക്കണം. കൂടുതൽ മനോഹരമായ വിളക്കുകൾ ഞങ്ങൾ ഉറപ്പാക്കും, അഖിലേഷ് പറഞ്ഞു.
ദിയകൾ (ചെരാതുകൾ) ഉണ്ടാക്കുന്ന സമൂഹം എന്ന് അഖിലേഷ് വിശേഷിപ്പിച്ച കുംഹാർ സമുദായം അവരുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നുണ്ടെന്നും എന്നാൽ അഖിലേഷിന്റെ പരാമർശങ്ങളിൽ ആശങ്കയുണ്ടെന്നും ബൻസാൽ പറഞ്ഞു. ‘ദിയകൾ’ ഉണ്ടാക്കുന്ന കുംഹാർ സമൂഹം, അവരുടെ ദിയകൾ കൊണ്ട് ലോകം മുഴുവൻ പ്രകാശപൂരിതമാക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്തുമതം നിലവിലില്ലാത്തപ്പോഴും ദീപാവലി ആഘോഷിച്ചിരുന്നു. ഇന്ന്, ദീപാവലി ദിനത്തിൽ, അദ്ദേഹം ക്രിസ്മസിനെക്കുറിച്ച് പ്രസംഗിക്കുകയാണ്… ക്രിസ്മസ് വരുന്നത് 2 മാസം കഴിഞ്ഞാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.















































