തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുന്ന കാര്യം നോക്കാമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ആദ്യം അന്വേഷണം കഴിഞ്ഞട്ടേ, അപ്പോൾ നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതുപോലെ ഇന്നു ചേർന്ന യോഗത്തിൽ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. സുപ്രീം കോടതി അനുമതിയോടെ അതു നടപ്പാക്കും. എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കും.
അതേസമയം നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താൻ സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സേനാംഗങ്ങൾ ജനങ്ങൾക്കടുത്ത് അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. തുടർന്ന് വിശദമായ പഠന റിപ്പോർട്ട് തയാറാക്കി ക്രോഡീകരിച്ച് ഭാവിയിൽ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.