ചാവക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്തുവന്നതിനു രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. മകന് ഇഡി സമൻസ് നൽകിയിട്ടും മുഖ്യമന്ത്രി അത് മൂടിവച്ചു. ആരോടും പറഞ്ഞില്ല. നോട്ടീസ് അയച്ചതിനു ശേഷം ഇഡിയും ഒരു നടപടിക്രമങ്ങളും പറഞ്ഞിയിട്ടില്ലെന്നും സതീശൻ പ്രതികരിച്ചു. മാത്രമല്ല ഇങ്ങനെയൊരു കാര്യം മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തോടോ, മന്ത്രിമാരോടോ, മാധ്യമങ്ങളോടോ പൊതുസമൂഹത്തോടോ ഇതേക്കുറിച്ച് പറയാതെ മൂടിവച്ച് സെറ്റിൽ ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇ ഡി സമൻസ് മൂടിവെച്ചതോടെ സിപിഎം- ബിജെപി ബാന്ധവമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അമിത് ഷാ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ബന്ധം പുലർത്തുന്നുണ്ട്. അതിന് ചില ഇടനിലക്കാരുണ്ട്. അതിന്റെ ഭാഗമായാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതെന്നും വി.ഡി സതീശൻ ആരോപിച്ചു. സമൻസ് അയയ്ക്കാൻ ഒരു തുടക്കമുണ്ടാകണം. സമൻസ് അയച്ചതിനു ശേഷം ആ തുടക്കം എങ്ങനെയാണ് ഇല്ലാതായത്? അത് ഇല്ലാതായെന്നാണ് എം.എ ബേബി പ്രതികരിച്ചിരിക്കുന്നത്. അത് അദ്ദേഹം എങ്ങനെ അറിഞ്ഞു? എങ്ങനെയാണ് ഇഡിയുടെ നോട്ടീസ് ഇല്ലാതാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതുപോലെ പൂരം കലക്കിയെന്നും തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്തുകൊടുത്തെന്നുമൊക്കെ ആരോപണമുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ ഈ സമൻസാണോ എന്ന സംശയവും സതീശൻ ഉന്നയിച്ചു. 2023-ലാണ് സമൻസ് നൽകിയത്. 2024-ലാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കിയതും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതിനാൽതന്നെ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. കുടുംബാംഗത്തിന് എതിരായ ആരോപണത്തിലെ സത്യാവസ്ഥ മുഖ്യമന്ത്രി പറയട്ടെ. പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നൽകിയത് എം.എ ബേബി എങ്ങനെയാണ് അറിഞ്ഞത്. ഇഡി നോട്ടീസ് നൽകുമ്പോൾ സിപിഎം അഖിലേന്ത്യാ സെക്രട്ടറിക്കും നോട്ടീസ് നൽകുമോ? 2023-ൽ എം.എ ബേബി അഖിലേന്ത്യാ സെക്രട്ടറിയായിരുന്നില്ല. ഇപ്പോൾ അദ്ദേഹം എന്തിനാണ് ഇറങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.