വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍.
നയപ്രകാരം, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വസ്ത്രനിര്‍മ്മാണ ശാലകള്‍, ബഹുരാഷ്ട്ര കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ അവധി അനുവദിക്കണം.
2024-ലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ആദ്യം വരുന്നത്. വര്‍ഷത്തില്‍ ആറ് ആര്‍ത്തവ അവധികളായിരുന്നു തുടക്കത്തില്‍ നിര്‍ദേശിക്കപ്പെട്ടത്. പ്രതിവര്‍ഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്ന നിലവിലെ നയത്തിലേക്ക് മാറിയത്.
‘ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കൊണ്ടുവന്നതില്‍ വെച്ച് ഏറ്റവും പുരോഗമനപരമായ നിയമമാണിത്. സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തില്‍ അനുവദനീയമായ 12 അവധികള്‍ വരെ എടുക്കാം. അവരുടെ ആര്‍ത്തവചക്രത്തിനനുസരിച്ച്, മാസത്തില്‍ ഒന്നായോ അല്ലെങ്കില്‍ എല്ലാം ഒന്നിച്ചോ, എങ്ങനെ വേണമെങ്കിലും അവര്‍ക്ക് തിരഞ്ഞെടുക്കാം. സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും അവര്‍ വഹിക്കേണ്ട പങ്കുകളെ പരിഗണിക്കുകയും ചെയ്യുന്ന ഒരു പുരോഗമന സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാണിത്’ കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാദ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും 12 ദിവസത്തെ വാര്‍ഷിക ആര്‍ത്തവ അവധി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം കിട്ടുക.