വാഷിങ്ടൻ: പാക്കിസ്ഥാനും അമേരിക്കയും തമ്മിൽ ധാതുമേഖലയിൽ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇതിനായി 500 500 മില്യൻ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്തുക. ആദ്യപടിയായി യുഎസിലേക്ക് അപൂർവ ധാതുക്കൾ കപ്പൽ മാർഗം പാക്കിസ്ഥാൻ കയറ്റിയയച്ചു.
സെപ്റ്റംബറിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാർ. അന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അപൂർവ ധാതുക്കളുടെ സാംപിളുകൾ പെട്ടിയിൽ പ്രദർശിപ്പിച്ചിരുന്നു. സൈനിക മേധാവി അസിം മുനീറും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതു രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്ക് പ്രതിപക്ഷം രംഗത്തെത്തി.
കരാറിന്റെ ഭാഗമായി ധാതുക്കളുടെ സാംപിളുകൾ യുഎസിലേക്ക് കപ്പിലിൽ അയച്ചിട്ടുണ്ട്. 500 മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താനാണ് യുഎസ് സ്ട്രാറ്റജിക് മെറ്റൽ കമ്പനി ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (എഫ്‌ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്. യുഎസ്–പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ധാതുക്കളുടെ വാണിജ്യ മേഖലയിലേക്ക് പാക്കിസ്ഥാന് കടന്നുവരാൻ കളമൊരുക്കുന്നതാണ് കരാറെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച് 6 ട്രില്യൻ ഡോളർ മൂല്യമുണ്ട് പാക്കിസ്ഥാനിലെ ധാതു സമ്പത്തിന്.
ഈ കരാറിലൂടെ പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി കരാറിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ. അതേസമയം കരാറിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമുണ്ട്. കരാറിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.