ചെന്നൈ: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ടിവികെ അധ്യക്ഷൻ വിജയ് യെ നിർത്തിപ്പൊരിച്ച കോടതി കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു. ദുരന്തമുഖത്ത് അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി. അതേസമയം എന്തുതരം രാഷ്ട്രീയ പാർട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ അസ്ര ഗാർഗ് നയിക്കുന്ന എസ്‌ഐടിക്കാണ് അന്വേഷണ ചുമതല.
അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് നടനും നേതാവുമായി വിജയ്‌യുടെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തുള്ള റിട്ട് ഹർജി പരിഗണിക്കുന്നതിനിടെ, ഒരു വലിയ മനുഷ്യനിർമിത ദുരന്തം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്ന് ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം ജാമ്യം തേടി കോടതിയെ സമീപിച്ച ടിവികെ ജില്ലാ സെക്രട്ടറി എൻ സതീഷ് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. കൂടാതെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തതിൽ പാർട്ടിയെയും പ്രവർത്തകരെയും ചോദ്യം ചെയ്യുകയും ചെയ്തു. വിജയ്‌യുടെ റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമവും പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പെടെ അക്രമാസക്തമായ പെരുമാറ്റത്തിന് പാർട്ടിയെയും പ്രവർത്തകരെയും കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു.
ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെത്തി ബിജെപി നേതാവിന്റെ ഹർജിയും ഹൈക്കോടതി തള്ളി. ബിജെപി നേതാവ് ഉമാ ആനന്ദനോട് തന്റെ ആശങ്ക അറിയിക്കാൻ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു.