തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ഇല്ലെന്നു പറഞ്ഞ 1998-99 കാലഘട്ടത്തിൽ വിജയ് മല്യ നൽകിയ സ്വർണത്തിന്റെ നിർണായക രേഖകൾ ദേവസ്വം വിജിലൻസ് കണ്ടെത്തി. വിജയ് മല്യ നൽകിയ സ്വർണം ഉപയോഗിച്ച് ശബരിമലയിൽ ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളും ഉൾപ്പെടെ സ്വർണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം വിജിലൻസ് കണ്ടെടുത്തത്. ഏറെ നാളായി കാണാനില്ലാതിരുന്ന രേഖകൾ ദേവസ്വം മരാമത്ത് ഓഫിസിൽനിന്നാണ് കണ്ടെത്തിയത്.
അതേസമയം 2019ൽ ലഭിച്ചത് ചെമ്പു പാളികൾ മാത്രമാണെന്ന് ചെന്നൈയിൽ സ്വർണം പൂശുന്ന കമ്പനിയായ സ്മാർട്ട് ക്രിയേഷൻസ് വെളിപ്പെടുത്തിയതോടെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. വിജയ് മല്യ നൽകിയ സ്വർണം ഉപയോഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ 2019 ആയപ്പോൾ ചെമ്പായി മാറി എന്ന ചോദ്യമാണ് ഉയരുന്നത്. 1998ൽ വിജയ് മല്യ 30.3 കിലോ സ്വർണവും1900 കിലോ ചെമ്പുമാണ് ദേവസ്വം ബോർഡിന് നൽകിയത്. ഇതുപയോഗിച്ചു മേൽക്കൂരയും ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളുമാണ് സ്വർണം പൂശിയത്.
പിന്നീട് 2019ൽ ദ്വാരപാലകശിൽപങ്ങളുടെ തിളക്കം മങ്ങിയെന്നു ചൂണ്ടിക്കാട്ടി വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കുകയും അതു ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിക്കുകയുമായിരുന്നു. എന്നാൽ 2019ൽ തങ്ങൾക്കു ലഭിച്ചത് ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ചെമ്പ് പാളി എന്നാണ് ദേവസ്വം ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നതും. അപ്പോൾ വിജയ് മല്യ നൽകിയ സ്വർണം പൂശിയ ദ്വാരപാലകശിൽപങ്ങൾ എവിടെ എന്നതാണ് ദുരൂഹമാകുന്നത്. ഇക്കാര്യം പരിശോധിക്കാനാണ് ദേവസ്വം വിജിലൻസ് വിജയ് മല്യ നൽകിയ സ്വർണത്തിന്റെ യഥാർഥ രേഖകൾ പരിശോധിച്ചത്.
എന്നാൽ, രേഖകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന മറുപടിയാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽനിന്ന് രേഖകൾ കിട്ടിയത്. 1999ൽ സ്വർണം പൂശുന്നതുൾപ്പെടെയുള്ള ജോലികളുടെ നിയന്ത്രണം ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.