തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, സ്വര്‍ണപ്പാളി വിവാദത്തിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.
ദ്വാരപാലക ശിൽപങ്ങളിൽ സ്വര്‍ണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങൾ തേടും. 2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന കമ്പനിയിൽ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം ഇത് എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കേണ്ടി വരും. ചട്ടങ്ങള്‍ മറികടന്ന് സ്വർണ പാളികള്‍ ബംഗ്ല്ലൂരിലെത്തിച്ചതും പണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നു.