ന്യൂഡൽഹി: ഡൽഹി ജെഎൻയു സർവകലാശാലയിൽ എബിവിപിയും എസ്എഫ്ഐ, ഐസ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം. ജെഎൻയു പൂർവ വിദ്യാർഥികളും ഡൽഹി കലാപക്കേസിൽ തടവിൽ കഴിയുന്നവരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എബിവിപി നടത്തിയ ഘോഷയാത്രക്കു പിന്നാലെയാണ് സംഘർഷാവസ്ഥ. അതേസമയം, രാവണദഹന ഘോഷയാത്രയെ എസ്എഫ്ഐ, ഐസ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് എബിവിപി ആരോപിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാവണദഹനം ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ചെന്നാണ് ആരോപണം. എന്നാൽ, രാവണദഹന ഘോഷയാത്രയെ ഇടതുസംഘടനകൾ ആക്രമിക്കുകയായിരുന്നെന്നാണ് എബിവിപി ആരോപിക്കുന്നത്.
ഒരു മതപരിപാടിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർഥികളുടെ വിശ്വാസങ്ങൾക്കും സർവകലാശാലയുടെ ഉത്സവപാരമ്പര്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണിതെന്ന് എബിവിപി അധ്യക്ഷൻ മായങ്ക് പാൻചാൽ പറഞ്ഞു. എബിവിപി മതാചാരങ്ങളെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉപയോഗിക്കുകയാണെന്ന് ഐസ ആരോപിച്ചു. വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും രാഷ്ട്രീയത്തെ ജെഎൻയു തള്ളിക്കളയുമെന്നും ഐസ പ്രസ്താവനയിൽ പറഞ്ഞു.