ഇനിയൊരു ഭരണത്തുടർച്ച അതു സംഭവിക്കില്ല.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടാവുക ഭണമാറ്റമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കാര്യ കാരണങ്ങൾ നിരത്തി അഭിപ്രായപ്പെടുന്നു. അതിനു കാരണമായി പറയുന്നത് പിണറായി വിജയന്റെ ഭരണത്തിൽ മലയാളികൾ പൊറുതിമുട്ടി ഇരിക്കുകയാണ് എന്നതാണ്. പിആർ വർക്കുകൾ കൊണ്ട് മുഖം രക്ഷിക്കാൻ സിപിഎം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രാപ്തിലെത്തുന്നില്ല. കാര്യങ്ങൾ കോൺഗ്രസിന്റെ കരയിലേക്ക് അടുക്കുകയാണെന്നത് സിപിഎമ്മും മനസ്സിലാക്കുന്നുണ്ട്. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ നമുക്ക് പരിശോധിക്കാം.
ഈ സർക്കാരിന്റെ ദുർഭരണം തന്നെയാണ് ആദ്യത്തെ ഘടകം. ഇടതുപക്ഷക്കാർ പോലും കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ മനം മടുത്തിരിക്കുകയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും താങ്കളുടെ പാർട്ടിക്ക് സംഭവിച്ചത് തന്നെ കേരളത്തിലും ആവർത്തിക്കുമോ എന്ന് ഭയപ്പാടിലാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തകർ. വിലക്കയറ്റം മുതൽ ക്രമസമാധാനം വരെ എല്ലാ മേഖലയിലും പൂർണ പരാജയമായ സർക്കാർ എന്ന ലേബലാണ് ഇടതുപക്ഷ സർക്കാരിന് പൊതുജനങ്ങൾക്കിടയിൽ ഉള്ളത്. സംസ്ഥാനത്തു നിലനിൽക്കുന്ന ഈ ഭരണ വിരുദ്ധ വികാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണമായും പ്രതിഫലിക്കും.
സമരം ചെയ്യുന്നവരോടുള്ള സർക്കാരിന്റെ സമീപനവും, സമരക്കാരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പോലീസും പൊതു ജനങ്ങൾക്കിടയിൽ സർക്കാരിനെ പറ്റി വലിയ അവമതിപ്പുണ്ടാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ അവരോട് സഹാനുഭൂതിയോടെ പെരുമാറാനോ ഈ സർക്കാരിന് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. വരും മാസങ്ങളിൽ എന്തൊക്കെ അത്ഭുതങ്ങൾ കാട്ടിയാലും സർക്കാരിനെ പറ്റിയുള്ള പൊതുജനത്തിന്റെ അഭിപ്രായത്തിൽ മാറ്റം കൊണ്ടുവരാൻ പാർട്ടിക്കോ സർക്കാരിനോ കഴിയില്ല.
രാഹുൽ ഗാന്ധിക്ക് രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനപ്രീതിയും, കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വോട്ട് ചോരി ക്യാമ്പയിനും കേരളത്തിലും വ്യക്തമായ സ്വാധീനം ഉണ്ടാകും. കേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കോൺഗ്രസ് കേന്ദ്രത്തിൽ ശക്തമാവുമ്പോഴൊക്കെ കേരളത്തിലും ആ ശക്തി പ്രകടിപ്പിക്കാറുണ്ട്. അങ്ങനെ ഒന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാൻ ആകില്ല. കേരളത്തിൽ അധികാരത്തിൽ വരും എന്ന അമിത് ഷായുടെ പ്രഖ്യാപനം സെക്കുലർ വോട്ടുകളെ കൃത്യമായി കോൺഗ്രസിൽ എത്തിക്കും. ബിജെപിയെ നേരിടാൻ കഴിയുന്നത് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മാത്രമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ദേശീയതലത്തിൽ അരങ്ങേറുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ പ്രകാരം 2026 ലെ കേരളത്തിന്റെ വിധി എന്താവുമെന്ന് തീരുമാനിക്കുന്ന എക്സ് ഫാക്ടർ രാഹുലും അദ്ദേഹത്തിന്റെ ക്യാമ്പിനുകൾ ആയിരിക്കും.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിധികളെ സ്വാധീനിക്കാൻ ശേഷിയുള്ള മറ്റൊരു ഘടകം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ നിലപാടാണ്. കേരളത്തിലെ ബിജെപിയുടെ മുഖമല്ല കേരളത്തിനു പുറത്തെന്ന് ക്രൈസ്തവ സമൂഹം ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. നാളെ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിലും അവർക്ക് നല്ല ധാരണയുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും നേരെ പലപ്പോഴായി ആക്രമങ്ങൾ ഉണ്ടായപ്പോൾ ഈ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടും ക്രൈസ്തവ സമൂഹത്തിന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ബിജെപി പഞ്ചാര വാക്കുകൾക്കും, കപട സ്നേഹത്തിനും ഇനി ക്രൈസ്തവ സമൂഹത്തിനിടയിൽ ഇനി ഇടം ലഭിക്കാൻ പോകുന്നില്ല. ക്രൈസ്തവ വിശ്വാസികൾക്കിടയിലെ ഈ ഒരു മാറ്റം മധ്യ കേരളത്തിൽ സീറ്റുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
തിരഞ്ഞെടുപ്പുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിഭാഗം പുതിയ വോട്ടർമാരാണ്. അന്താരാഷ്ട്ര തരത്തിൽ തന്നെ ജെൻസിയുടെ രാഷ്ട്രീയം വളരെ വലിയ ചർച്ചാവിഷയമാണ്. കേരളത്തിലേക്ക് എത്തുമ്പോഴും പുതിയ വോട്ടർമാർ കൃത്യമായ നിലപാടുള്ളവരാണ്. യുവജനങ്ങൾ കൂടുതലുള്ള ഇൻസ്റ്റാഗ്രാമിൽ കേരള സർക്കാരിനും മന്ത്രിമാർക്കും വലിയ പരിഹാസങ്ങളാണ് ലഭിക്കാറുള്ളത്. കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ്‌യു തിരിച്ചു വരവും ജെൻസിയുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന സൂചികയാണ്. യുവാക്കളുമായി കണക്ട് ചെയ്യാൻ കഴിയുന്ന ചെറുപ്പക്കാരായ കഴിവുള്ള നേതാക്കൾ പോലും സിപിഎമ്മിൽ ഇല്ല എന്നതാണ് അവസ്ഥ.
ഇടതുപക്ഷ മുന്നണിക്കുള്ളിലെ പ്രശ്നങ്ങളും, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും മറ്റൊരു വലിയ ഘടകമാണ്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ട് മോഷണ വിഷയത്തിൽ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നിശബ്ദത സിപിഐയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയിൽ ഗതികേടുകൊണ്ട് തുടർന്നു പോവുകയാണ് സിപിഐ എന്ന് സിപിഐയുടെ തന്നെ പല നേതാക്കളുടെയും പ്രസ്താവനകൾ കേൾക്കുമ്പോൾ പൊതുജനത്തിന് തോന്നിപ്പോകും. സിപിഎമ്മിനുള്ളിൽ തന്നെ വലിയ പ്രശ്നങ്ങളും, പൊട്ടിത്തെറികളും നടന്നുവരികയാണ്. പുറത്തുവന്ന കത്ത് വിവാദം മുതൽ പിണറായി വിജയന്റെ പാർട്ടിയിലെ ആധിപത്യം വരെ സിപിഎമ്മിനുള്ളിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ തവണ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും നിർണായകമായ സ്ത്രീ വോട്ടർമാരാണ്. കേരളത്തിൽ വലിയ ശതമാനം വരുന്ന സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും കേരളം ആരാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടുക. പൊതുവിൽ ആവശ്യസാധനങ്ങൾക്ക് ഉണ്ടായ വിലവർധനവും, സംസ്ഥാനത്തെ ക്രമസമാധാന വീഴ്ചകളും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സ്ത്രീ വോട്ടർമാരെയാണ്. കേരളത്തിലും ആ ഒരു പാറ്റേൺ ആവർത്തിക്കാൻ തന്നെയാണ് സാധ്യത. കേരളത്തിൽ ഭരണമാറ്റം തീർച്ചയായും ഉണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
എന്നാൽ വെള്ളാപ്പള്ളിയെയും, സുകുമാരൻമാരെയും ഒക്കെ കൂടെ നിർത്തി ഭരണം നിലനിർത്താൻ കഴിയുമെന്നതാണ് സിപിഎമ്മിനെ വിശ്വാസം. പൊതുജനം എതിരെ നിൽക്കുമ്പോൾ മറ്റൊരു ഫാക്ടർ കൊണ്ടും തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല എന്ന കാര്യം സിപിഎം മറന്നുപോകുന്നു. സുകുമാരൻ നായരുടെ പെട്ടെന്നുള്ള നിലപാട് മാറ്റം എൻഎസ്എസിൽ വലിയ പൊട്ടിത്തെറികൾക്കാണ് വഴി വച്ചിട്ടുള്ളത്. നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ സർക്കാർ ചേർത്തുപിടിക്കുന്നത് സർക്കാരിന് തന്നെ തിരിച്ചടിയായി വരും. ഭരണ വീഴ്ചകൾ കൊണ്ട് പൊതുജന ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ സമുദായ നേതാക്കൾ വഴി തിരഞ്ഞെടുപ്പ് ജയിക്കുമെന്ന തോന്നൽ വെറുതെയാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
പൊതുവിൽ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങൾ മാത്രമാണ് കോൺഗ്രസിനോടുള്ള പൊതുജനത്തിന്റെ ഏക പ്രശ്നം. അവയെ രമ്യതയിൽ പരിഹരിച്ച് ഒരുമിച്ച് കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിഞ്ഞാൽ 2026 ൽ കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമാണ്.