തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വായിച്ച കണക്കുകൾ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി വിഡി സതീശൻ. താൻ സ്വയമുണ്ടാക്കിയ കണക്കല്ലെന്നും തനിക്ക് നിങ്ങളുടെ മന്ത്രി ഒ.ആർ.കേളു നൽകിയ മറുപടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. പട്ടികജാതി/പട്ടിക വർഗ സ്‌കോളർഷിപ്പ്, ചികിത്സ സഹായം- 158 കോടി കുടിശിക നൽകാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓരോ വിഭാഗത്തിനും നൽകാനുള്ള കണക്ക് എടുത്തു പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ-
പോസ്റ്റ് മെട്രിക് തലത്തിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് 9.42 കോടി കൊടുക്കാനുണ്ട്, പട്ടികവർഗ വിഭാഗക്കാർക്ക് മിശ്ര വിവാഹ ധനസഹായം 91.75 ലക്ഷം. പട്ടികജാതി വിഭാഗത്തിന് ചികിത്സ ധനസഹായം- 3.42 കോടി, വിവാഹ ധനസഹായം- 58.07 കോടി, മിശ്ര വിവാഹ ധനസഹായം- 65.12 കോടി, ഏക വരുമാന ദായകന്റെ മരണം ധനസഹായം- 15.56 കോടി, വിദേശ തൊഴിൽ ധനസഹായം- 5.61 കോടി എന്നിങ്ങനെ കൊടുക്കാനുണ്ട്. അതുപോലെ പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള പണം മുൻഗണനാക്രമത്തിൽ നൽകുന്നതിൽ സർക്കാരിനു കടുത്ത വീഴ്ച സംഭവിച്ചുവെന്നും പറഞ്ഞു.
എന്നാൽ, മറുപടി പ്രസംഗത്തിന് എഴുന്നേറ്റ ധനമന്ത്രി പ്രതിപക്ഷ നേതാവ് വായിച്ച കണക്കുകൾ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തിരിച്ചടിക്കുകയായിരുന്നു. പാവപ്പെട്ട മനുഷ്യർക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇതോടെ താൻ സഭയിൽ വായിച്ചത് വകുപ്പ് മന്ത്രി ഒ.ആർ. കേളു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കു രേഖാമൂലം നൽകിയ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തുടർന്ന് അവസാന മാസങ്ങളിൽ പത്തോ ഇരുന്നൂറോ കോടിയുടെ കുടിശിക കൊടുക്കാനുണ്ടാകുമെന്ന് പറഞ്ഞ് ധനമന്ത്രി തടിയൂരുകയായിരുന്നു.